ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മിപാര്‍ട്ടിയില്‍ നിന്നും ജലവിഭവ വകുപ്പു മന്ത്രിയായ കപില്‍ മിശ്രയെ പുറത്താക്കി. രാജേന്ദ്രപാല്‍ ഗൗതം എം.എല്‍.എ, കൈലാഷ് ഗെഹ് ലോത് എന്നിവരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മിയില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികളായിരുന്നു. പരാജയത്തെതുടര്‍ന്ന് കെജ്‌രിവാള്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു.
വ്യാജബില്ലുകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മിശ്രയെ പുറത്താക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് പുറത്താക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസുമായി അടുത്തബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് മിശ്രക്കെതിരെ നടപടിയെന്നും സൂചനയുണ്ട്. ആംആദ്മി പാര്‍ട്ടി നേതാക്കളുള്‍പ്പെട്ട അഴിമതി ഞായറാഴ്ച്ച പുറത്തുപറയുമെന്ന് കപില്‍ മിശ്ര പറഞ്ഞു.