ന്യൂഡല്‍ഹി: ശബ്ദം കൂടാനായി പടക്കം ഗ്ലാസിലിട്ട് പൊട്ടിക്കാന്‍ ശ്രമച്ച ഒന്‍പതുവയസ്സുകാരന് ദാരുണാന്ത്യം. പടക്കം സ്റ്റീല്‍ ഗ്ലാസില്‍ വെച്ച് പൊട്ടിച്ചതോടെ തെറിച്ച കഷ്ണം നെഞ്ചില്‍ തറച്ചാണ് നാലാം ക്ലാസുകാരന്‍ പ്രിന്‍സിന് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച ഡല്‍ഹിയിലെ അലിപൂരിലാണ് സംഭവം നടന്നത്. കൂടുതല്‍ ശബ്ദം കേള്‍ക്കാന്‍ പടക്കം ഗ്ലാസ് കൊണ്ട് മൂടിവച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന്, കുട്ടിയുടെ അമ്മാവന്‍ കൂടിയായ 18 വയസ്സുകാരന്‍ ഇന്ദ്രജിത്ത് പറഞ്ഞു. എന്നാല്‍ കുറച്ചുസമയമായിട്ടും പടക്കം പൊട്ടാഞ്ഞതിനെത്തുടര്‍ന്ന് കുട്ടി അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം പടക്കം അപ്രതീക്ഷിതമായി പൊട്ടിയതോടെ സ്റ്റീല്‍ ഗ്ലാസിന്റെ ഒരു ഭാഗം തെറിച്ച് പ്രിന്‍സിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നെന്നും, ഇന്ദ്രജിത്ത് പറഞ്ഞു.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് തറച്ചുകയറിയ സ്റ്റീല്‍ കഷ്ണം രക്തദമനിയില്‍ മുറിവുണ്ടാക്കിയെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്‍പതുവയസ്സുകാരന് പടക്കം എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് കുട്ടിയുടെ പിതാവ് റാം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പടക്ക വസ്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിരോധനമുണ്ട്.