ഡല്‍ഹി: യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരന്‍ കോവിഡാണെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിമാനം വൈകി. മറ്റു യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ നിന്ന് പുനെയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ച് പാര്‍ക്കിങ് ബേയില്‍ എത്തിച്ചു.
യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്നതിന് മുന്‍പ് യാത്രക്കാരിലൊരാള്‍ കാബിന്‍ ക്രൂവിനോട് കോവിഡ് പോസിറ്റീവാണെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. രോഗവിവരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അയാള്‍ കാണിച്ചു. കാബിന്‍ ക്രൂ പൈലറ്റിനെ വിവരം അറിയിച്ചതോടെ ഗ്രൗണ്ട് കണ്‍ട്രോളര്‍മാരെ വിവരം അറിയിച്ച് വിമാനം തിരിച്ച് പാര്‍ക്കിങ് ബേയില്‍ എത്തിക്കുകയായിരുന്നു.
വിമാനത്തില്‍ യാത്രക്കാരന്‍ ഇരുന്ന സീറ്റിനോട് ചേര്‍ന്നുള്ള മൂന്ന് നിരകളിലുള്ള യാത്രക്കാരോട് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനും കോച്ചില്‍ കാത്തിരിക്കാനും ആവശ്യപ്പെട്ടു. യാത്ര വീണ്ടും തുടങ്ങുന്നതിന് മുന്‍പ് വിമാനത്തിലെ സീറ്റുകള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. അടുത്തിരുന്ന യാത്രക്കാര്‍ക്ക് പിപിപി കിറ്റ് ധരിക്കാന്‍ നല്‍കിയ ശേഷമാണ് യാത്ര പുറപ്പെട്ടത്. കോവിഡ് രോഗിയെ ആംബുലന്‍സില്‍ ഡല്‍ഹിയിലെ സഫര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി.