കോഴിക്കോട് : സര്‍ക്കാര്‍ പണം നല്‍കുന്നത് വളരെ വൈകുന്നതിനാല്‍ പ്രൈവറ്റ് ആസ്പത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിനോട് താത്പര്യക്കുറവ്. സംസ്ഥാനത്ത് 452 സ്വകാര്യ ആസ്പത്രികള്‍ സ്‌കീമില്‍ എംപാനല്‍ ചെയ്തിട്ടുണ്ടെങ്കിലും സ്‌കീം പ്രകാരമുള്ള ചികിത്സാ സഹായം ഇല്ലെന്നാണ് സ്വകാര്യ ആസ്പത്രികള്‍ നല്‍കുന്ന മറുപടി. ഗുരുതര രോഗങ്ങള്‍ക്ക് മികച്ച ചികിത്സ തേടി സ്വകാര്യ ആസ്പത്രികളെ സമീപിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല.
നേരത്തെ എംപാനല്‍ ചെയ്ത സ്വകാര്യ ആസ്പത്രികളില്‍ നിന്ന് സ്്കീം വഴി ചികിത്സാ സഹായം ലഭ്യമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് വൈകുന്നത് പതിവായതോടെ സ്വകാര്യ ആസ്പത്രികള്‍ സ്‌കീം നടപ്പിലാക്കുന്നതില്‍ താത്പര്യക്കുറവ് കാണിക്കുകയായിരുന്നു. കെ.ബി.എഫ് സ്‌കീം ഉണ്ടോയെന്ന് വിളിച്ച് അന്വേഷിക്കുന്നവരോടൊക്കെ ഇല്ലെന്ന മറുപടിയാണ് എംപാനല്‍ ചെയ്ത മിക്ക സ്വകാര്യ ആസ്പത്രികളും പ്രതികരിക്കുന്നത്.
ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു പദ്ധതി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സഹായം നല്‍കുന്ന സ്‌കീമാണ് കെ.ബി. എഫ്. ഡയാലിസിസ് ചെയ്യുന്നതിനും പദ്ധതിയില്‍ അംഗമായവര്‍ക്ക് ചികിത്സാ ഇളവുണ്ട്.
ലോട്ടറി വകുപ്പിന്റെ കീഴിലായിരുന്ന കെ.ബി.എഫ് രണ്ട് വര്‍ഷം മുമ്പാണ് 2022 ലാണ് ആരോഗ്യ വകുപ്പിന്റെ കീഴിലായത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ആരോഗ്യ വകുപ്പിന് കൈമാറിയതിന് ശേഷമാണ് സ്വകാര്യ ആസ്പത്രികള്‍ സ്‌കീം നടപ്പിലാക്കുന്നതില്‍ പിന്നാക്കം പോയത്. അതേസമയം ഗവണ്‍മെന്റ് ആസ്പത്രികളില്‍ നിന്ന് പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യം ലഭിക്കുന്നുണ്ട്.