X

വൈകിവന്ന നീതി, എനിക്ക് നഷ്ടമായ പാര്‍ലമെന്റ് സെഷനുകള്‍ ആര് നികത്തും- എം.പി മുഹമ്മദ് ഫൈസല്‍

കൊച്ചി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ച ലോക്സഭാ സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ പ്രതികരണവുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. തനിക്കെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്ത് രണ്ടുമാസം പിന്നിട്ടെങ്കിലും വൈകി വന്ന നീതിയെ സ്വാഗതം ചെയ്യുന്നുവന്നെ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘വൈകിയാണെങ്കിലും സന്തോഷമുണ്ട്. നിയമപരമായ കാര്യത്തില്‍ ഇങ്ങനെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എനിക്ക് അര്‍ഹതപ്പെട്ട പാര്‍ലമെന്റ് സെഷനുകള്‍ നഷ്ടമായി. ഇത് ആര് നികത്തിത്തരും? എന്റെ അയോഗ്യത റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നു. സുപ്രീം കോടതിയില്‍നിന്ന് നോട്ടീസ് ലഭിക്കും എന്നായപ്പോഴാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇപ്പോള്‍ തീരുമാനം എടുത്തത്. ജനുവരി 25-ാം തീയതിയിലെ ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. അതായത് ഹെകോടതി വിധി വന്ന് രണ്ടുമാസം പിന്നിട്ട ശേഷമാണ് എന്റെ അയോഗ്യത പിന്‍വലിക്കുന്നത്. എന്തിനാണിത്ര കാലതാമസം നേരിട്ടത്? ലക്ഷദ്വീപിനുള്ള ഏക എം.പിയാണ് ഞാന്‍. എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള അവസരമാണ് നഷ്ടമായത്. ഹൈകോടതി ശിക്ഷ മരവിപ്പിച്ചതിന്റെ രണ്ടാം ദിവസം തന്നെ ഞാന്‍ അയോഗ്യത നീക്കാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റിനെ സമീപിച്ചിരുന്നു’ -ഫൈസല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

തന്റെ സമാനസാഹചര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്ന് ഫൈസല്‍ വ്യക്തമാക്കി. ശിക്ഷ റദ്ദാക്കുന്നതോടെ രാഹുല്‍ഗാന്ധി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവിന് കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്.

 

 

webdesk14: