വയനാട്: അമരക്കുനിയെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം. ഊട്ടി കവല പ്രദേശത്ത് തെര്‍മല്‍ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിടെ തൂപ്ര സ്വദേശി ചന്ദ്രന്‍ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ഇതോടെ കടുവ ആടിനെ ആക്രമിച്ചു കൊന്ന തൂപ്രയില്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനം.
ദിവസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആടിനെ കൊന്ന ദേവര്‍ഗദ്ധ സ്വദേശി കേശവന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്. അമരക്കുനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവാ സാന്നിധ്യം.
സംഭവത്തില്‍ നാട്ടുകാര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി ഇന്നലെ രാത്രി മുതല്‍ അമരക്കുനിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവന്‍ ആടുകളെയാണ്. അനാരോഗ്യം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടാന്‍ ഉള്ള കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. വിക്രം, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും കടുവ തിരച്ചിലിനായി മുത്തങ്ങയില്‍ നിന്നും എത്തിച്ചിരുന്നു.