X

ഇന്ത്യന്‍ മുസ്്ലിംകളുടെ പ്രതിരോധ ശക്തി സൗഹൃദം-പി. മുഹമ്മദ് കുട്ടശ്ശേരി

മുസ്‌ലിം ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമായ ഇന്ത്യയില്‍ മുസ്‌ലിംകളുടെ അവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ ഓരോന്നും ഹനിക്കപ്പെടുന്നു. രാജ്യത്തെ അവരുടെ പൗരത്വം തന്നെ ചോദ്യംചെയ്യപ്പെടുന്നു. ബാബരി മസ്ജിദിനുശേഷം അവരുടെ ആരാധനാലയങ്ങള്‍ ഓരോന്നിനും മേല്‍ അവകാശത്തര്‍ക്കം ഉന്നയിക്കപ്പെടുന്നു. പാഠപുസ്തകങ്ങള്‍ മാറ്റി ഹിന്ദുക്കളുടെ വേദങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും നടപ്പിലാക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരില്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ്. ചില നീതിന്യായ സംവിധാനങ്ങളില്‍ നിന്നുപോലും മുസ്്‌ലിംകള്‍ക്ക് പ്രതീക്ഷക്ക് വിരുദ്ധമായി നിരാശ സൃഷ്ടിക്കുന്നത് സംഭവിക്കുന്നു.

എന്താണ് മുസ്്‌ലിംകള്‍ക്കുള്ള രക്ഷാമാര്‍ഗം. ചിലര്‍ വിശ്വസിക്കുന്നു പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലാണ് അവര്‍ക്ക് ആശ്വാസം. തെറ്റ് ചെയ്യുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തോട് പ്രതികാരം ചെയ്യുക. എന്നാല്‍ ഇത് അവസാനം മര്‍ദകരുടേയും മര്‍ദിതരുടേയും സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലാണ് കലാശിക്കുക. നഷ്ടം എപ്പോഴും ന്യൂനപക്ഷ വിഭാഗത്തിനാകുമെന്നതില്‍ സംശയമില്ല. കാരണം എല്ലാ സൗകര്യങ്ങളും അവരുടെ കൈവശമാണല്ലോ. മാത്രമല്ല, ചിലപ്പോള്‍ ഒറ്റപ്പെട്ട സംഭവം വ്യാപകമായ കലാപത്തിന് വഴിവെച്ചെന്നും വരും. അതേഅവസരം ഭരണ സംവിധാനം ഭൂരിപക്ഷത്തിന്റെ കൈയിലായതിനാല്‍ മുസ്്‌ലിം സമുദായത്തെ എന്തു ചെയ്താലും ഒരു കുഴപ്പവുമില്ല എന്ന ചിന്തക്ക് അവസരമുണ്ടാകുന്നതും അപകടമാണ്.

ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്ത്യയില്‍ മുസ്‌ലിംകളുടെ ബാധ്യതയും അവരുടെ രക്ഷാമാര്‍ഗവും എന്താണ്. യഥാര്‍ഥത്തില്‍ ഇവിടത്തെ ഭൂരിപക്ഷ സമുദായത്തിലെ ഒറ്റപ്പെട്ട ചില വ്യക്തികളോ ഒരു ചെറിയ വിഭാഗമോ മാത്രമാണ് മുസ്‌ലികളോട് ശത്രുതയും അകലവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ അതേ നാണയത്തില്‍തന്നെ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ കുഴപ്പത്തിലാണ് കലാശിക്കുക. ഒറ്റപ്പെട്ട സംഭവങ്ങളില്‍ അക്രമസ്വഭാവമുള്ളവരെ ഒതുക്കാന്‍ അത് മുഖേന സാധിച്ചുവെന്ന് വരാം. പക്ഷേ അതൊരു പൊതുതത്വമായി സ്വീകരിക്കാവതല്ല. എന്നാല്‍ മതം നിര്‍ദേശിക്കുന്നതും കുറ്റമറ്റതുമായ മാര്‍ഗം തിന്മയെ നന്മകൊണ്ട് ചെറുക്കുക എന്നതാണ്. അപ്പോള്‍ ശത്രുതയുള്ളവന്‍ അടുത്ത മിത്രത്തെപ്പോലെയാകും-ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഒരു വിഭാഗത്തോടുള്ള വിരോധം ഒരിക്കലും നീതിരഹിതമായത് പ്രവര്‍ത്തിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പ്രവര്‍ത്തിക്കുക. അതാണ് ഭക്തിയോട് ഏറ്റവും അടുത്തത്. ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. നിങ്ങള്‍ വഞ്ചന നടത്തരുത്. അമുസ്‌ലികളുമായി യുദ്ധം നടത്തേണ്ടിവരികയാണെങ്കില്‍ നിരപരാധികളെ ആക്രമിക്കരുത്. അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്-യുദ്ധം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകളാണിവ.

മുസ്്‌ലിംകളോടെന്നപോലെ ഇതര സമുദായത്തിലെ അംഗങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തി ജീവിക്കാനാണ് ഇസ്്‌ലാം അനുശാസിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് ഈ സൗഹാര്‍ദ്ദബന്ധമാണ് മുസ്‌ലിംകളുടെ ഏറ്റവും വലിയ ശക്തി. മുസ്‌ലിംകളെ ആക്രമിക്കുകയോ അവരുടെ ആരാധനാലയങ്ങള്‍ക്ക് നാശം വരുത്തുകയോ അവയുടെ ഉടമസ്ഥത സംബന്ധിച്ച് പുതിയ വാദം ഉന്നയിക്കുകയോ ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്ക് നീതി ലഭിക്കാന്‍ ഇതര മതസ്ഥര്‍ മുന്നിട്ടിറങ്ങുന്ന അവസ്ഥ ഈ സൗഹൃദ ബന്ധം മുഖേന ഇവിടെ വളര്‍ന്നുവരേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ ലോകത്തുള്ളവരെ മുഴുവന്‍ അവരുടെ മതവും ജാതിയും ദേശവും വര്‍ണവും നോക്കാതെ ഓരേ മാതാപിതാക്കളുടെ മക്കളും സൗഹാര്‍ദ്ദത്തില്‍ കഴിയേണ്ടവരുമാണെന്ന വീക്ഷണമാണ് ഇസ്‌ലാം വളര്‍ത്തുന്നത്. ഇന്ത്യയില്‍ മുസ്്‌ലിംകള്‍ സ്വീകരിക്കേണ്ട വലിയ പ്രതിരോധ ശക്തി ഇതായിരിക്കണം. മുസ്്‌ലിംകളുടെ നേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ആക്രമണകാരികളുടെ കൈപിടിക്കാന്‍ ഈ സൗഹൃദ ബന്ധം സഹായകമാകും. ഇവിടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം മുസ്്‌ലിംകള്‍ക്ക് അനിവാര്യമാണെന്ന തത്വം ഊന്നിപ്പറയേണ്ടിവരുന്നത്. മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിലും അസംബ്ലിയിലും ഗ്രാമസഭകളിലും ശബ്ദമുയര്‍ത്താനും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനും ഈ രാഷ്ട്രീയപാര്‍ട്ടികള്‍ മുഖേന സാധിക്കും. മാത്രമല്ല, മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം കൂടി സാധ്യമാകുന്നു. രാജ്യത്തിന്റെയും വിവിധ സമുദായങ്ങളുടേയും-വിശേഷിച്ചും മുസ്‌ലിംകളുടെ നന്മക്കും ക്ഷേമത്തിനും അവകാശങ്ങള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് മതപരമായ ബാധ്യതയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ഈ സ്‌നേഹബന്ധം ഓണം പോലുള്ള വിശേഷങ്ങളിലും പെരുന്നാളിനും പരസ്പരം സന്ദര്‍ശിക്കാനും മിശ്രഭോജനം നടത്താനും പ്രേരിപ്പിക്കേണ്ടതുണ്ട്. ഇവിടെ ലോക പ്രശസ്ത പണ്ഡിതനും ‘ഹുജ്ജതുല്ലാഹില്‍ ബാലിഗ’ എന്ന അറബി ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ഷാ വലിയുല്ലാഹിദ്ദഹ്്‌ലവിയുടെ പുത്രന്‍ ഷാ അബ്ദുല്‍ അസീസ് ദഹ്്‌ലവി പുറപ്പെടുവിച്ച ഒരഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹം ഹിന്ദുക്കളെ ‘അഹ്്‌ലുല്‍ കിതാബ്’ (വേദക്കാര്‍) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഒറ്റപ്പെട്ടതും പലര്‍ക്കും യോജിക്കാന്‍ കഴിയാത്തതുമായ അഭിപ്രായമാകാം. എങ്കിലും സഹകരണാത്മക സമീപനം നടത്താന്‍ കൂടുതല്‍ ശക്തി നല്‍കുന്ന വീക്ഷണമാണിത്. എന്തായാലും ഭൂരിപക്ഷ സമുദായത്തിന്റെ തെറ്റിദ്ധാരണകള്‍ നീക്കി പരസ്പരം കൂടുതല്‍ അടുക്കാന്‍ ശ്രമിക്കേണ്ടത് മുസ്്‌ലിംകളുടെ ബാധ്യതയാണ്.

മുസ്്‌ലിംകളും ഹിന്ദുക്കളും സഹകരണാത്മക ജീവിതം നയിക്കുന്നതിനും രാഷ്ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിനും ഏറ്റവും നല്ല മാതൃകയാണ് കേരളം. ഇസ്്‌ലാം കേരളത്തില്‍ പ്രവേശിച്ച കാലം തൊട്ട് ഈ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ഇടക്കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തില്‍ വിരാജിച്ച മുസ്്‌ലിംകളെ ഒറ്റപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചു മുസ്‌ലിംകള്‍ക്കെതിരില്‍ ഹിന്ദു സഹോദരങ്ങളുടെ മനസില്‍ വിരോധം ആളിക്കത്തിക്കാന്‍ ശ്രമം നടത്തിയെന്നത് ചരിത്രപരമായ വസ്തുതയാണ്. ഇന്ത്യയില്‍ ഒട്ടാകെ സ്വാതന്ത്ര്യ സമരം പൊളിക്കാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഈ വിഷക്കെണിയാണ് രാജ്യത്തെ ജനങ്ങളെ വിഭജിച്ചത്. എങ്കിലും കേരളീയ ജനത ദൈവത്തിന്റെ കൃപയാല്‍ പൂര്‍ണമായി തന്നെ ഇതില്‍ നിന്ന് മോചിതരായി എന്ന് പറയാം. എന്നാല്‍ തീവ്രവാദ ചിന്തയുള്ള ചിലര്‍ കേരളത്തിലും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനോട് അകലം പാലിക്കുകയാണ് ബഹുഭൂരിഭാഗവും. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിലെ ചിലരുടെ നിലപാടാണ് മുസ്‌ലിംകളില്‍ ചിലരെ വഴിവിട്ട ചിന്തക്ക് പ്രേരിപ്പിക്കുന്നത് എന്ന സത്യം നിഷേധിക്കുന്നില്ല.

Chandrika Web: