മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക് തീ പാറും പോരാട്ടം. ആദ്യ പാദത്തില്‍ 2-1ന് മുന്നില്‍ നില്‍ക്കുന്ന റയലിന് സാന്റിയാഗോ ബര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം കൂടിയാകുമ്പോള്‍ ഫൈനലിലേക്കുള്ള പ്രവേശം കയ്യെത്തും ദൂരത്താണ്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം
അതേ സമയം ഡച്ച് വിംഗര്‍ ആര്യന്‍ റോബന്‍ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പിന്‍മാറിയത് ബയേണിന് തിരിച്ചടിയാണ്. ആദ്യ പാദത്തില്‍ കേവലം എട്ട് മിനിറ്റ് മാത്രമാണ് റോബന് കളിക്കാനായത്. അതേ സമയം പരിക്കേറ്റ യാവി മാര്‍ട്ടിനസ്, ഡേവിഡ് അലാബ എന്നിവര്‍ മാഡ്രിഡില്‍ ഇറങ്ങുമെന്നത് ബയേണിന് ആശ്വാസം പകരുന്നതുമാണ്. ബുണ്ടസ് ലീഗയില്‍ കിരീടം ചൂടിയ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തോടെ ഇരട്ട കിരീടമാണ് സ്വപ്‌നം കാണുന്നത്. എന്നാല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ടീമിന് ഇന്ന് ഏറെ പണിപ്പെടേണ്ടി വരും.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലാണ് ഇരു ടീമുകളും തമ്മില്‍ സ്‌പെയിനില്‍ വെച്ച് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 4-2ന് ജയം റയല്‍ സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലീഗ കിരീടം കൈവിട്ടതോടെ സീസണിലെ ഏക പ്രതീക്ഷ ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താനാവുക എന്നതാണ്. അതിനാല്‍ തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും സിദാന്റെ സംഘം ആഗ്രഹിക്കുന്നില്ല.
ആദ്യ പാദത്തില്‍ പന്തടക്കത്തില്‍ മുന്‍തൂക്കം ലഭിച്ചിട്ടും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ബയേണിന് സ്വന്തം തട്ടകത്തിലെ മികവ് സാന്റിയാഗോയിലെ ആര്‍ത്തിരമ്പുന്ന സ്പാനിഷ് തിരമാലക്കു മുന്നില്‍ നിലനിര്‍ത്താനാവുമോ എന്നത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.
സാധ്യത ടീം: റയല്‍ മാഡ്രിഡ്:-നവാസ്, വാസ്‌ക്വസ്, വരാനെ, റാമോസ്, മാര്‍സലോ, മോഡ്രിച്ച്, കാസമിറോ, ക്രൂസ്, ഇസ്‌കോ, ബെന്‍സീമ, റൊണാള്‍ഡോ ബയേണ്‍ മ്യൂണിക്: ഉള്‍റീച്ച്-കിമ്മിച്ച്, സൂലെ, ഹമ്മല്‍സ്, അലാബ-മാര്‍ട്ടിനസ്, ജെയിംസ്-മുള്ളര്‍, തിയാഗോ, റിബറി-ലവന്‍ഡോസ്‌കി.