X

മോദി റാഫേല്‍ കരാറില്‍ ഒപ്പിടുമ്പോള്‍ പ്രതിരോധമന്ത്രി ഗോവയില്‍ മീന്‍ വാങ്ങുന്ന തിരക്കിലായിരുന്നു: രാഹുല്‍ ഗാന്ധി

കര്‍ണാടക: അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പോലും അറിയാതെയാണ് റാഫേല്‍ പോര്‍ വിമാന കരാര്‍ പ്രധാനമന്ത്രി നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറില്‍ മോദി ഒപ്പിടുമ്പോള്‍ പരീക്കര്‍ ഗോവയില്‍ മീന്‍ വാങ്ങുന്ന തിരക്കിലായിരുന്നെന്നും രാഹുല്‍ പരിഹസിച്ചു.

കര്‍ണാടകയിലെ രാംദുര്‍ഗയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോദിക്കെതിരെ രൂക്ഷമായ കടന്നാക്രമണമാണ് രാഹുല്‍ ഇന്നലെയും നടത്തിയത്. മോദി എപ്പോഴും ‘വമ്പന്‍ പണക്കാരെ’ മാത്രമേ പിന്തുണയ്ക്കാറുള്ളൂ. അഴിമതിക്കെതിരെ പോരാടാനായി ലോക്പാല്‍ രൂപീകരിക്കാന്‍ മോദി ഇതുവരെ തയാറായിട്ടില്ല. വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയതു പോലുള്ള സംഭവങ്ങളില്‍ മോദി തുടരുന്ന മൗനത്തെക്കുറിച്ചും രാഹുല്‍ ചോദ്യമുന്നയിച്ചു.

ഗുജറാത്തില്‍ ഭരിച്ചിരുന്ന സമയത്തു മോദി ലോകായുക്ത നടപ്പാക്കിയില്ല. പ്രധാനമന്ത്രിയായി ഇപ്പോള്‍ നാലു വര്‍ഷമായി, ഇതുവരെ കേന്ദ്രത്തിലും ലോകായുക്തയെ നിയമിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ‘രാജ്യത്തിന്റെ കാവല്‍ക്കാരനാണു (ചൗകിദാര്‍) താനെന്നാണു പ്രധാനമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത്രവലിയ തട്ടിപ്പു നടത്തിയതിനെക്കുറിച്ചും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്കു വരുമാനത്തില്‍ അനധികൃത വര്‍ധന വന്നതിനെക്കുറിച്ചും മോദി മൗനത്തിലാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കര്‍ണാടകയില്‍ എത്തുമ്പോള്‍ സംസാരിക്കുന്നത് അഴിമതിയെക്കുറിച്ചാണ്. എന്നാല്‍ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് (ബി.എസ്.യെദ്യൂരപ്പ) അഴിമതിക്കേസില്‍ ജയിലില്‍ക്കിടന്നത്. അവരുടെ നാലു മന്ത്രിമാരും ജയില്‍ ശിക്ഷ അനുഭവിച്ചു-രാഹുല്‍ വ്യക്തമാക്കി.

എന്താണോ പറയുന്നത് അതു പ്രവര്‍ത്തിക്കൂയെന്നു കര്‍ണാടകയില്‍നിന്നുള്ള സാമൂഹിക പരിഷ്‌കര്‍ത്താവ് 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവേശ്വരയുടെ വാക്കുകള്‍ ഉദ്ധരിച്ചു രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു. ‘ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിനു രൂപയാണു നീരവ് മോദി തട്ടിച്ചത്. ഇന്ത്യയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പണമാണത്. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ അതേക്കുറിച്ച് ഒരു വാക്കും പറഞ്ഞില്ല’-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: