X

നിലവാരമില്ലാത്ത ഉപകരണം: വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

കൂടുതല്‍ സമൂസകള്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിലവാരമില്ലാത്ത സമൂസ മേക്കര്‍ നല്‍കി കബളിപ്പിച്ച കേസില്‍ മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിറമരുതൂര്‍ സ്വദേശി അബ്ദുള്‍ സലീം നല്‍കിയ പരാതിയിലാണ് വിധി. പ്രവാസിയായ പരാതിക്കാരന്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയനുസരിച്ചാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ബേക്കറിക്കട ആരംഭിക്കാന്‍ തീരുമാനിച്ചത്. ബാങ്ക് ഓഫ് ബറോഡ ആവശ്യമായ 2,05,320 രൂപയുടെ ധനസഹായവും നല്‍കി. മണിക്കൂറില്‍ 2000ത്തില്‍ പരം സമൂസ വൈവിധ്യമാര്‍ന്ന വിധത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് മെഷീന്‍ വാങ്ങിയത്.

കേരളത്തില്‍ 5000ത്തില്‍പരം മെഷീനുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പണം കൊടുത്താല്‍ മൂന്നാം ദിവസം സപ്ലൈ ചെയ്യുമെന്നായിരുന്നു അറിയിച്ചത്. 2019 ഏപ്രില്‍ നലിന് പണം നല്‍കിയിട്ടും ഒക്ടോബര്‍ മാസം 12നു മാത്രമാണ് മെഷീന്‍ നല്‍കിയത്. ഭാര്യയും മക്കളും മരുമക്കളും ചേര്‍ന്നുള്ള സംരംഭത്തിന് 14 ദിവസത്തെ പരിശീലനവും ഉറപ്പു നല്‍കിയിരുന്നു. ഒടുവില്‍ ഉറപ്പു ഫോണ്‍ വഴിയായിരുന്നു പരിശീലനം. 2000 സമൂസകള്‍ക്കുപകരം 300 സമൂസകള്‍ മാത്രമാണ് മെഷീന്‍ വഴി ഉണ്ടാക്കാനായത്. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. എതിര്‍ കക്ഷികളുടെ നടപടി അനുചിതവ്യാപാരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മെഷീനിനിന്റെ വിലയായി 2,03,700 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും പരാതിക്കാരന് നല്‍കാന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്തപക്ഷം 12 ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും , പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധിയില്‍ പറഞ്ഞു.

webdesk11: