നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ നേതാക്കളാണ് ബി.ജെ.പി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെയാണ് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്.
ഈ ആഴ്ച ബി.ജെ.പിയുടെ 2 പ്രധാനപ്പെട്ട നേതാക്കള്‍ രാജിവെച്ചു. രണ്ട് തവണ എം.എല്‍.എയായ ഗിരിജ ശങ്കര്‍ ശര്‍മ വെള്ളിയാഴ്ചയാണ് ബി.ജെ.പി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ട്. ഇറ്റാര്‍സി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ സീറ്റില്‍ 1990 മുതല്‍ തുടര്‍ച്ചയായി 7 തവണ വിജയിച്ചത് ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബാംഗങ്ങളാണ്. പുതിയ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി അവഗണിക്കുകയാണെന്ന് ശര്‍മ ആരോപിച്ചു. നിലവിലെ സര്‍ക്കാരിന്റെ തിരിച്ചുവരവില്‍ ജനങ്ങള്‍ക്ക് വലിയ താല്‍പ്പര്യമില്ല. അതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി തന്റെ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോലാറസ് മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ വീരേന്ദ്ര രഘുവംശിയും ബി.ജെ.പി വിട്ടു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. സിന്ധ്യയുമായി അടുപ്പമുള്ള നേതാക്കള്‍ അഴിമതിക്കാരാണെന്നും അവര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചാണ് രാജി. 2003ല്‍ ആദ്യമായി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വീരേന്ദ്ര രഘുവംശി കോണ്‍ഗ്രസിനൊപ്പമായിരുന്നു. 2013ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം 2018ല്‍ കോലാറസില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ചു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്തുമാത്രം സമ്മര്‍ദ്ദത്തിലാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരെയും നേതാക്കളെയും സിന്ധ്യയുടെ ടീം തുടര്‍ച്ചയായി ഉപദ്രവിക്കുമ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല’- വീരേന്ദ്ര രഘുവംശി പറഞ്ഞു. വിന്ധ്യ മേഖലയില്‍ നിന്നുള്ള രണ്ട് ബി.ജെ.പി എംഎല്‍എമാരും മഹാകൗശല്‍, ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ നിന്നുള്ള ഓരോ എം.എല്‍.എമാരും രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആളുകള്‍ വരും പോകും, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നാണ് രാജിയെക്കുറിച്ചുള്ള സിന്ധ്യയുടെ പ്രതികരണം. 2020ലാണ് 22 എം.എല്‍.എമാരുമായി സിന്ധ്യ ബി.ജെ.പി ക്യാമ്പിലെത്തിയത്. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണു.
കഴിഞ്ഞ 3 മാസത്തിനിടെ നിരവധി ബി.ജെ.പി നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുന്‍ മന്ത്രിയുമായ ദീപക് ജോഷി, മുന്‍ എം.എല്‍.എ രാധേലാല്‍ ബാഗേല്‍, മുന്‍ എം.എല്‍.എ കന്‍വര്‍ ധ്രുവ് പ്രതാപ് സിങ് തുടങ്ങിയവരാണ് രാജിവെച്ച ബി.ജെ.പി നേതാക്കള്‍.