ഇന്ദോര്‍: ഓണ്‍ലൈന്‍ ഗെയിമില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ചതിന് പ്രതികാരമായി ഒമ്പത് വയസ്സുകാരിയെ 11കാരന്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് ദാരുണമായ സംഭവം.അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് അയല്‍ക്കാരനായ 11കാരന്‍ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അയല്‍ക്കാരായ ഒമ്പത് വയസ്സുകാരിയും 11കാരനും ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ഏറെനേരം ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചിരുന്നു. ഓണ്‍ലൈന്‍ ഗെയിമില്‍ പെണ്‍കുട്ടിയോട് തുടര്‍ച്ചയായി തോറ്റതോടെ 11കാരന് പകയായി. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ വീട്ടില്‍ തിരികെയെത്തിയ 11കാരന്‍ മണിക്കൂറുകളോളം കുളിമുറിയില്‍ കയറി കതകടച്ചിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.കൊല്ലപ്പെട്ട പെണ്‍കുട്ടി 11കാരനൊപ്പം വയലിലേക്ക് പോകുന്നതായി നാട്ടുകാരില്‍ ചിലര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.