തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കേറ്റ വന്‍ തിരിച്ചടി മുഖ്യമന്ത്രി പിണറായി വിജയന്റെ എക്കാലത്തെയും വലിയ തോല്‍വിയായാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ഉപതിരഞ്ഞെടുപ്പ് പോലെ കടന്നുപോകുമായിരുന്ന തൃക്കാക്കരക്ക് ഇത്ര പ്രാധാന്യം നല്‍കിയതും അഭിമാന പോരാട്ടമായി മാറ്റിയതും മുഖ്യമന്ത്രിയും ഇടതു നേതാക്കളും തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഫലം കാണുമെന്നും ഉരുക്കുകോട്ടയെന്ന് യു. ഡി.എഫ് വിശേഷിപ്പിക്കുന്ന മണ്ഡലത്തില്‍ ചെറിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രിയും ഇടതുപക്ഷവും. ഈ വ്യാമോഹത്തിലാണ് സിക്‌സര്‍ അടിക്കുമെന്നും സെഞ്ച്വറി നേടുമെന്നുമുള്ള വീരവാദം വോട്ടെണ്ണല്‍ തുടങ്ങുന്ന നിമിഷം വരെ പ്രകടിപ്പിച്ചതും. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തൃക്കാക്കരയില്‍ ഉപയോഗപ്പെടുത്തുന്നതോടെ ഈ ലക്ഷ്യം പാട്ടും പാടി നേടാമെന്നും അവര്‍ കണക്കുകൂട്ടി. അത്രമേല്‍ വിജയപ്രതീക്ഷ ഉള്ളതു കൊണ്ടാണ് ഇത് തന്റെ അഭിമാന പോരാട്ടമാണെന്ന തോന്നല്‍ ജനിപ്പിക്കാനും മുഖ്യമന്ത്രി തയ്യാറായത്.
അമേരിക്കയില്‍ രണ്ടാം ഘട്ട ചികിത്സയില്‍ ആയിരിക്കുമ്പോഴാണ് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നത്. അമേരിക്കയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച മുഖ്യമന്ത്രി വോട്ടെടുപ്പ് നടക്കുന്ന ദിവസം വരെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു. തൃക്കാക്കര ജയിച്ചു കയറിയാല്‍ അടുത്ത നാലു വര്‍ഷത്തേക്ക് ഒന്നും നോക്കേണ്ടതില്ലെന്ന അഹങ്കാരമാണ് ഈ വിധത്തില്‍ മുഖ്യമന്ത്രിയെ ചിന്തിപ്പിച്ചത്. കെ റെയില്‍ അടക്കം വിനാശകരവും മനുഷ്യത്വരഹിതവുമായ മുഴുവന്‍ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായി തൃക്കാക്കര മാറുമെന്ന് മുഖ്യമന്ത്രി സ്വപ്‌നം കണ്ടു. അതുകൊണ്ടുതന്നെ ഏതു മാര്‍ഗം അവലംബിച്ചായാലും തൃക്കാക്കര വിജയം അനിവാര്യമാണെന്ന കര്‍ശനനിര്‍ദേശം സി.പി.എമ്മിനും ഇടതു മുന്നണിക്കും മുഖ്യമന്ത്രി നല്‍കി. സി.പി. എം ജില്ലാ കമ്മിറ്റി തീരുമാനിക്കേണ്ട സ്ഥാനാര്‍ഥി നിര്‍ണയം വരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ ആശ്രയിച്ചായി മാറിയത് ഇതുകൊണ്ടാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചു ചുവരെഴുത്ത്‌വരെ തുടങ്ങിയതിനുശേഷമാണ് സ്ഥാനാര്‍ഥിക്കെതിരായ സ്റ്റോപ്പ് മെമ്മോ മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് ഇറക്കിയത്. മണ്ഡലത്തിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്ന സ്ഥാനാര്‍ഥി വേണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പിടിവാശി. ഇതനുസരിച്ചാണ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത്. സി. പി.എം അണികള്‍ ഇടഞ്ഞുനില്‍ക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാനും തയ്യാറായത്. കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാര്‍ഥി തോറ്റതിനെതുടര്‍ന്ന് ജില്ലാ സി.പി.എം നേതാക്കള്‍ അടക്കമുള്ളവര്‍ പാര്‍ട്ടി നടപടി നേരിട്ടിരുന്നു. ഇത്തവണ പതിന്മടങ്ങ് ശക്തിയില്‍ നടപടി നേരിടാന്‍ സി.പി.എം ജില്ലാ നേതാക്കള്‍ ഒരുങ്ങി ഇരിക്കേണ്ടത് ഉണ്ട്. മുഖ്യമന്ത്രി അഭിമാന പോരാട്ടം ആയി എടുത്തിട്ടുകൂടി എതിര്‍പ്പുള്ള നേതാക്കള്‍ വിട്ടുനിന്നത് പിണറായി വിജയന്‍ ഒട്ടും പൊറുക്കും എന്ന് തോന്നുന്നില്ല.
സാമുദായിക സംഘടനകളുമായും വര്‍ഗീയ ശക്തികളുമായും ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ തൃക്കാക്കരയിലേക്ക് എത്തിയത്. പ്രചാരണത്തിന് രണ്ട് ഘട്ടങ്ങളിലായി 10 ദിവസം മുഖ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെതുടര്‍ന്ന് ഉടക്കിനിന്നിരുന്ന മുഴുവന്‍ നേതാക്കളെയും വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്തത്. ഇതിനുശേഷമാണ് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസില്‍നിന്ന് പ്രമുഖനെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനുവേണ്ടി പല രാത്രികളും പകലുകളും ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഡോ. ജോ ജോസഫിന് നറുക്കു വീണത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെകൂടി കൊണ്ടുവരാന്‍ ആയതോടെ വിജയിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷ ഇരട്ടിയായി. ഇതുതന്നെയാണ് അണികളിലേക്ക് പകര്‍ന്നു കൊടുത്തതും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ദുരുപയോഗം ചെയ്ത് നടത്തിയ ഇതുപോലൊരു തിരഞ്ഞെടുപ്പ് സംസ്ഥാന ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി 10 ദിവസം മണ്ഡലത്തില്‍ തമ്പടിച്ചപ്പോഴും അദ്ദേഹത്തിന്റെ സുരക്ഷയും ഓഫീസ് സംവിധാനങ്ങളും അടക്കം തൃക്കാക്കരയില്‍ ആയിരുന്നു. മുഴുവന്‍ മന്ത്രിമാരും സി.പി.എം എം.എല്‍.എമാരും ഒരു മാസം തൃക്കാക്കരയില്‍ തമ്പടിച്ചു. മന്ത്രിമാരുടെ ഓഫീസ് സംവിധാനങ്ങളും ഇവിടേക്ക് പൂര്‍ണമായും മാറ്റി. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് എത്ര കോടികളാണ് ഇതിനുവേണ്ടി ഒഴുകിയത് എന്നതിന് കയ്യും കണക്കുമില്ല. ഇതിനുപുറമെയാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍. ഓരോ മന്ത്രിമാരുടെയും ജാതിയും മതവും അനുസരിച്ചാണ് വീട് കയറാനുള്ള പ്രദേശങ്ങള്‍ തീരുമാനിച്ചു നല്‍കിയത്്. ഇവര്‍ക്കൊപ്പം ഇതേ മാനദണ്ഡങ്ങളുമായി സി.പി.എം എം.എല്‍.എമാരും രംഗത്തിറങ്ങി. ലൈഫ് മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ വീടുവെച്ച് നല്‍കല്‍ തുടങ്ങി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള സംവിധാനമൊരുക്കി തരാമെന്ന വാഗ്ദാനം വരെ മന്ത്രിമാരും എം.എല്‍.എമാരും നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു ബൂത്തില്‍ പോലും വ്യക്തമായ ലീഡ് നല്‍കാത്തവിധം ഉപതിരഞ്ഞെടുപ്പ് അട്ടിമറിച്ച തൃക്കാക്കരയിലെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റ്ും തിരിച്ചടിയും ആണിത്. സാമുദായിക രാഷ്ട്രീയം കളിച്ച് ജയിക്കാന്‍ ഏതു കൊലകൊമ്പന്‍ വിചാരിച്ചാലും നടക്കില്ലെന്ന്് പ്രബുദ്ധ കേരളം നല്‍കുന്ന താക്കീത് കൂടിയാണിത്. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ കഠിനാധ്വാനത്തിനൊപ്പം വിജയത്തിന് മാറ്റുകൂട്ടിയത് സ്ഥാനാര്‍ഥി ഉമാതോമസിന്റെ വ്യക്തിപ്രഭാവം തന്നെയാണ്. മനുഷ്യത്വവും സ്‌നേഹവും ആണ് നിലപാടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാതോമസ് തുടക്കം മുതല്‍ പറഞ്ഞുവെച്ചിരുന്നു. ഇതനുസരിച്ചുള്ള മുന്നേറ്റമാണ് പ്രചാരണത്തില്‍ അവര്‍ നടത്തിയത്. സ്‌നേഹവും സൗമ്യതയും ആയിരുന്നു അവരുടെ മുദ്രാവാക്യം. എളിമയും വിനയവും ആയിരുന്നു മുഖമുദ്ര. പി.ടി തോമസിനോടുള്ള സ്‌നേഹവും വികാരവും നിലനില്‍ക്കുന്നതിനൊപ്പം ഈ ഗുണങ്ങള്‍കൂടി പ്രതിഫലിച്ചതാണ് അത്യുഗ്ര വിജയത്തിന് വഴിവെച്ചത്. തിരഞ്ഞെടുപ്പ് കുതന്ത്രങ്ങളുടെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ സി.പി.എം അവസാനനിമിഷം കൊണ്ടുവന്ന വ്യാജ അശ്ലീല വീഡിയോ വിവാദത്തില്‍ പോലും ഇടതു സ്ഥാനാര്‍ഥിക്കും കുടുംബത്തിനൊപ്പമാണ് താന്‍ എന്ന് തന്റേടത്തോടെയുള്ള നിലപാടെടുത്തത് ഉമയുടെ നിലപാടും വ്യക്തി പ്രഭാവവും അറിയാന്‍ ജനങ്ങള്‍ക്ക് സഹായകമായി. വികസനത്തെ കുറിച്ചും മണ്ഡലത്തില്‍ പ്രത്യേകമായി നടത്തേണ്ട വികസന പദ്ധതികളെക്കുറിച്ചും വ്യക്തമായി പഠിച്ചതിനുശേഷമാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായതും തുടക്കത്തില്‍തന്നെ യു.ഡി.എഫിന് പകുതി വിജയം നേടി കൊടുത്ത അവസ്ഥ ഉണ്ടാക്കി. മുഖ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും കാടിളക്കി പ്രചാരണം നടത്തിയിട്ടും പിടിച്ചുനില്‍ക്കാന്‍ പോലുമാകാത്തത്ര പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്. മുങ്ങിത്താഴുന്ന അവസരത്തില്‍ എങ്കിലും പരാജയത്തിന്റെ കാരണഭൂതന്‍ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയാണെന്ന യാഥാര്‍ഥ്യം വിളിച്ചുപറയാന്‍ ധൈര്യമുള്ള അണികളും നേതാക്കളും സി.പി.എമ്മിലും ഇടതുമുന്നണിയിലും ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.
ഉമാതോമസും ഡോക്ടര്‍ ജോ ജോസഫും സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും മത്സരം നടക്കുന്നത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലാണെന്നും ഇടതു നേതാക്കള്‍ പ്രചരിപ്പിച്ചത് പോലും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്. വോട്ടെണ്ണലിനു ശേഷം ഇക്കാര്യം നേതാക്കള്‍ നിരാകരിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ചാല്‍ തന്നെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയിലൂടെ മാത്രമാണ് നടന്നതെന്ന് വ്യക്തമാകും. വമ്പന്‍ തോല്‍വി ഏറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി അടക്കം മണ്ഡലത്തില്‍ പ്രചാരണം നടത്തിയ മുഴുവന്‍ നേതാക്കള്‍ക്കും ഉണ്ടെന്ന് പാര്‍ട്ടിക്കാരനെ മത്സരിപ്പിക്കണമെന്ന് ശക്തിയായി വാദിച്ച വിഭാഗത്തിന്റെ നേതാവായ സി.പി.എം ജില്ലാ സെക്രട്ടറി പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റേയും തോല്‍വി കൂടിയാണെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യമായ വിഴുപ്പലക്കല്‍ സി.പി.എമ്മില്‍ നടക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.