ഭുവനേശ്വര്‍: 90 മിനുട്ടാണ് കളിയെന്ന കാര്യം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഡിഫന്‍ഡര്‍മാര്‍ മറന്നു. രണ്ട് ഗോള്‍ നേടിയാല്‍ പിന്നെ പ്രതിയോഗികള്‍ തകരുമെന്നും അവരങ്ങ് ധരിച്ചു. അനായാസ വിജയമെന്ന ഉറപ്പില്‍ ആലസ്യത്തിന്റെ പന്ത് തട്ടിയ അവസാന ഇരുപത് മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളെ പാഠം പഠിപ്പിച്ച് നെറോക്ക എഫ്.സി 3-2 ന്റെ അട്ടിമറി വിജയവുമായി സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ കരുത്ത് കാട്ടി. പെനാല്‍ട്ടി കിക്കില്‍ നിന്നും പതിനൊന്നാം മിനുട്ടില്‍ വിക്ടര്‍ പുള്‍ഗയും രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോഴിക്കോട്ടുകാരന്‍ പ്രശാന്തും നേടിയ ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമായ ലീഡ് നേടിയിരുന്നു. പക്ഷേ പന്ത്രണ്ട് മിനുട്ടിനിടെ കളിയാകെ മാറ്റി നെറോക്ക തിരിച്ചുവന്നു. എഴുപതാം മിനുട്ടില്‍ ജിന്‍ഡ ജോച്ചിന്‍ നേടിയ തകര്‍പ്പന്‍ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന് ആലസ്യത്തില്‍ നിന്നും ഉണരാന്‍ ഈ ഗോള്‍ ധാരാളമായിരുന്നു. പക്ഷേ ഡിഫന്‍സ് പതറി നിന്നു. ഒമ്പത് മിനുട്ടിന് ശേഷം ആര്യന്‍ വില്ല്യംസ് ഏറ്റവും എളുപ്പമുള്ള ഗോള്‍ നേടി. വലത് വിംഗില്‍ നിന്നുമുള്ള ക്രോസിന് അദ്ദേഹം തല വെച്ചത് ഒരു ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍മാരും എതിര്‍ക്കാതെയാണ്. 2-2 ല്‍ കളി എത്തിയതിന് പിറകെ നെറോക്കക്ക് പെനാല്‍ട്ടി കിട്ടി. ഫെലിക്‌സ് ചിദ്ദി അനായാസം അത് വലയിലാക്കിയപ്പോള്‍ മറ്റൊരു ഐ.എസ്.എല്‍ സംഘം കൂടി സൂപ്പര്‍ കപ്പില്‍ നിന്നും പുറത്തായി. ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ തന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്ത പ്രശാന്തിന്റെ മികവ് ടീമിന് ഗുണമായതുമില്ല.
സി.കെ വിനീത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്ലബ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സിന് കനത്ത ആഘാതമാണ് തോല്‍വി. ഇന്ന് കളിയില്ല. നാളെ വൈകീട്ട് നാലിന് ആദ്യ ക്വാര്‍ട്ടറില്‍ ഐസ്‌വാള്‍ എഫ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും. മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ജാംഷഡ്പ്പൂര്‍ ഗോവയെയും മോഹന്‍ ബഗാന്‍ ഷില്ലോംഗിനെയും ബംഗളൂരു നെറോക്കയെയും നേരിടും