X

യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കുക: മുസ്‌ലിംലീഗ്

മലപ്പുറം: ഒക്ടോബര്‍ 18ന് നടക്കുന്ന യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധ സമരം വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു. പരമാവധി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തിച്ചേരണം. ജനദ്രോഹ ഭരണം തുടരുന്ന ഇടതുസര്‍ക്കാറിന് താക്കീതായി മാറുന്ന ഉപരോധ സമരത്തില്‍ അര ലക്ഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരക്കും. രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ് കേരളം. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ല. സപ്ലൈകോ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവശ്യ വസ്തുക്കളില്ലാതെ പൂട്ടേണ്ട അവസ്ഥയിലാണ്. ജനജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമായിരിക്കുന്നു. നെല്ലിന്റെ താങ്ങുവില കുറയ്ക്കുന്നത് ഉള്‍പ്പെടെ കര്‍ഷക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണ്. നിയമനത്തട്ടിപ്പടക്കം സര്‍ക്കാറിന്റെ എല്ലാ വകുപ്പിലും അഴിമതി കൊടികുത്തി വാഴുന്നു. സാധാരണക്കാര്‍ക്ക് വഴിനടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ കേരളത്തിന്റെ ക്രമസമാധാന നില താളംതെറ്റിയിരിക്കുന്നു. ദുര്‍ഭരണം തുടരുന്ന ഇടത് സര്‍ക്കാറിനെതിരായ കുറ്റവിചാരണയായിരിക്കും സെക്രട്ടറിയേറ്റ് ഉപരോധം. സമരത്തിന്റെ വിജയത്തിന് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും മുസ്ലിംലീഗ് ആഹ്വാനം ചെയ്തു.

യോഗം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, ടി.എം സലീം, സി.എച്ച് റഷീദ്, സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മൂട്ടി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ശാഫി ചാലിയം, യു.സി രാമന്‍, അഡ്വ. മുഹമ്മദ് ഷാ ചര്‍ച്ചയില്‍ പങ്കെടുത്തു.

webdesk11: