യൂറോകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് രാജിവെച്ചു. യൂറോക്ക് പിന്നാലെ സ്ഥാനമൊഴിയുമെന്ന് സൗത്ത്‌ഗേറ്റ് പറഞ്ഞിരുന്നെങ്കിലും 2026 ലോകകപ്പ് വരെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചായി തുടരാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെക്കുന്നതായി സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ചത്.
” ഒരു ഇംഗ്ലീഷുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കാനും പരിശീലിപ്പിക്കാനും സാധിച്ചത് അഭിമാനമായിക്കാണുന്നു. സാധ്യമായതെല്ലാം ചെയ്തു” -സൗത്ത്‌ഗേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലിവര്‍പൂള്‍ വിട്ട ജുര്‍ഗന്‍ ക്ലോപ്പ്, ന്യൂകാസില്‍ കോച്ച് എഡ്ഡി ഹോ എന്നിവരുടെ പേരാണ് പകരക്കാരനായി പറഞ്ഞുകേള്‍ക്കുന്നത്.
ഇംഗ്ലണ്ടിനെ രണ്ട് മേജര്‍ ഫൈനലിലെത്തിച്ച പരിശീലകന്‍ എന്ന പേര് സൗത്ത്‌ഗേറ്റിന് മാത്രം സ്വന്തമാണ്. 2016ല്‍ റോയ് ഹഡ്‌സണില്‍ നിന്ന് ഇംഗ്ലീഷ് പരിശീലക ചുമതലയേറ്റെടുത്തതു മുതല്‍ ഇതുവരെ 102 മത്സരങ്ങളില്‍ നിന്നായി 61 ജയവും 24 സമനിലയുമാണ് സമ്പാദ്യം. യൂറോ കപ്പില്‍ ഇതുവരെ 13 കളിയില്‍ ഇംഗ്ലണ്ട് സൗത്ത്‌ഗേറ്റിന് കീഴില്‍ തോല്‍വി അറിഞ്ഞിട്ടില്ല. 2018 ലോകകപ്പിലും 2019 നേഷന്‍സ് ലീഗിലും സെമിയിലെത്തിച്ചു.
2020,2024 യൂറോ ഫൈനല്‍ പ്രവേശനമാണ് പ്രധാന നേട്ടം. എന്നാല്‍ വലിയ പ്രതീക്ഷയോടെയെത്തിയ 2022 ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ മടങ്ങാനായിരുന്നു കെയ്‌നിനും സംഘത്തിനും വിധി. ഇതോടെ സൗത്ത്‌ഗേറ്റിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരും ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ഫുട്ബോളിന്റെ ബാറ്റണ്‍ കൈമാറേണ്ടതില്ലെന്ന സുപ്രധാന തീരുമാനമാണ് അധികൃതര്‍ സ്വീകരിച്ചത്.
സൗത്ത് ഗേറ്റിന് നേരെ പലകാലങ്ങളിലായി വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. കളി ശൈലി മുതല്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. പ്രതിഭാസമ്പന്നമായ ഒരു ടീമിനെ ലഭിച്ചിട്ടും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്ന പഴി ഈ യൂറോയിലും നിരവധി തവണ നേരിട്ടു. പ്രീമിയര്‍ലീഗിലെ മിന്നും താരങ്ങളായ കോബി മൈനുവിനും കോള്‍ പാല്‍മറിനുമൊന്നും ആദ്യ മത്സരങ്ങളില്‍ അവസരം നല്‍കാന്‍ സൗത്ത്‌ഗേറ്റ് തയാറായില്ല.
ഗോളടിക്കാതെ ബാക്ക് പാസ് നല്‍കിയുള്ള ഈ കളി ശൈലി മോഡേണ്‍ ഫുട്‌ബോളിന് യോചിച്ചതല്ലെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകളും അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ സൗത്ത് ഗേറ്റിന്റെ ടാക്റ്റിക്‌സുകളും ടീം പ്രകടനവും ഈ വിമര്‍ശനം അടിവരയിടുന്നതായിരുന്നു. സെര്‍ബിയോട് ഒരു ഗോളിന് വിജയിച്ച ഹാരി കെയിനും സംഘവും ഡെന്‍മാര്‍ക്കിനോടും സ്ലൊവേനിയയോടും സമനില പിടിച്ചാണ് പ്രീക്വാര്‍ട്ടറില്‍ കടന്നുകൂടിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതായതോടെ ആരാധകരില്‍ നിന്ന് നിരന്തരം കൂവലും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു.