മോസ്‌കോ: ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കൊളംബിയക്ക് വേണ്ടി ഫാല്‍ക്കാവോ, ക്വാഡ്രാഡോ, മുറിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങി. കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു.
57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. കെയ്‌നിനെ ബോക്‌സില്‍ വെച്ച് കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഇഞ്ചുറി ടൈമില്‍ യെറി മിനയിലൂടെ കൊളംബിയ ഗോള്‍ മടക്കി. 93-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ബാഴ്‌സലോണ ഡിഫന്‍ഡര്‍ പോസ്റ്റിലേക്ക് ഉയര്‍ന്നു ചാടി കുത്തിയിടുകയായിരുന്നു.
ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. സ്വിറ്റ്‌സര്‍ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് സ്വീഡന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.