യു.പിയിലെ പിലിഭിത്തില്‍ ഒരു പൊതുയോഗത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ രണ്ട് നേതാക്കള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സഞ്ജയ് മിശ്ര, വിവേക് മിശ്ര എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ പറഞ്ഞു.
ഈ മാസം 13ന് മധോട്ടണ്ട ടൗണിലാണ് സംഭവം നടന്നതെന്ന് അഫ്‌സല്‍ ഖാന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യോഗത്തില്‍ ബജ്‌റംഗ്ദള്‍ നേതാക്കളായ സഞ്ജയ് മിശ്രയും വിവേക് ??മിശ്രയും മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കുന്നതും അപമാനിക്കുന്നതുമായ പ്രസംഗങ്ങള്‍ നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നുവെന്ന് സര്‍ക്കിള്‍ ഓഫിസര്‍ പുരന്‍പൂര്‍ വിശാല്‍ ചൗധരി പറഞ്ഞു. ബംജ്‌റംഗ്ദള്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് മുസ്‌ലിം സമുദായത്തില്‍പെട്ട കുറച്ചുപേര്‍ സംഭവസ്ഥലത്തിനു പുറത്ത് അപലപിച്ചു. തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ ഇടപെട്ട് ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. രേഖാമൂലമുള്ള പരാതിയുടെയും സംഭവത്തിന്റെ വൈറല്‍ വിഡിയോയുടെയും അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പുരോഹിതനെതിരെ യു.പിയില്‍ കേസെടുത്തിരുന്നു. സെപ്റ്റംബര്‍ 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ പ്രസംഗത്തിനിടയിലാണ് യതി നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ദസറ ദിവസങ്ങളില്‍ കോലം കത്തിക്കേണ്ടി വരികയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കാനാണ് നരസിംഹാനന്ദന്‍ ആഹ്വാനം ചെയ്തത്.
എന്നാല്‍, സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 302 (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍’ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് ഇതാദ്യമായല്ല വിദ്വേഷ പ്രസംഗം നടത്തുന്നത്. 2022ലും വിദ്വേഷ പ്രസംഗത്തി?ന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.