X

കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്‍ നവംബര്‍ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്‍ശങ്ങളിലൂടെ കങ്കണ കര്‍ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്‍ഷകന്റെ മകന്‍ കൂടിയായ രാമശങ്കര്‍ ശര്‍മ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കേന്ദ്രത്തില്‍ ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്‍ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

2021 നവംബര്‍ 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1947ല്‍ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്‍ നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്‍ശം.

webdesk13: