ബെന്നി കളപ്പുരയ്ക്കല്‍
കട്ടപ്പന
മാനവഹൃദയങ്ങളില്‍നിന്നും തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന വിളക്കുകളുടെ മഹോത്സവമായ ദീപാവലി ഇന്ന് രാജ്യമെങ്ങും ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹൈന്ദവ വിശ്വാസത്തിലും ആഘോഷത്തിലും ദീപാവലിക്കുള്ള പ്രാധാന്യം നിസാരമല്ല. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന ഭാരത സംസ്‌കാരത്തിന്റെ തനിമകൂടിയാണ് ദീപാവലി. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും മാത്രമായി ആഘോഷിച്ചിരുന്ന ദീപാവലി പിന്നീട് കേരളീയരുടെ മറുനാടന്‍ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതായി മാറുകയായിരുന്നു.
ദീപാവലിയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളെല്ലാംതന്നെ ധര്‍മപാലനത്തില്‍ അധിഷ്ഠിതമാണ്. കാര്‍ത്തിക മാസത്തിലെ കറുത്തപക്ഷമായ ത്രയോദശി മുതല്‍ വെളുത്ത പക്കമായ ദ്വിതീയ നാള്‍വരെയഉള്ള മൂന്നുദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.
ഐതീഹ്യങ്ങളിലും പുരാണങ്ങളിലും അധിഷ്ഠിതമായ ഈ ഉത്സവനാളില്‍ ആയിരം വരാഹം (നാണയം) കടലിലെറിഞ്ഞ് കുളിക്കണമെന്നാണ് പഴമൊഴി,
‘നിസംഗ പരിത്യാഗിയാവുക’ എന്നതാണ് ദീപാവലിയുടെ തത്വം. കാമ ക്രോധ ലോഭ മോഹം എന്നീ നാലു ഭാവങ്ങളെ അകറ്റി ഭക്തിയാകുന്ന പ്രകാശത്തെ മനുഷ്യമനസില്‍ നിറയ്ക്കുകയെന്നതാണ് ലക്ഷ്യം.
ഒരുകാലത്ത് ഉത്തരേന്ത്യയിലെ ബനിയ ജാതിക്കാരുടെ ഉത്സവം മാത്രമായിരുന്നു ദീപാവലി പിന്നീട് രാജ്യമെങ്ങും ആഘോഷിക്കപ്പെടാന്‍ തുടങ്ങി.
ഓരോ സംസ്ഥാനത്തും വ്യത്യസ്ഥ ആചാരാനുഷ്ഠാനങ്ങളാണ് ഈ സുദിനത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. കേരളത്തില്‍ കാര്‍ത്തിക വിളക്കിന്റെ പ്രതീതിയാണ് ദീപാവലി നല്‍കുന്നത്. ദശാവതാരത്തില്‍ ഒമ്പതാമത്തേതായ ശ്രീകൃഷ്ണാവതാരത്തില്‍ പ്രാധാന്യം കല്‍പിക്കുന്ന കേരളീയര്‍ അന്നേദിവസം കൃഷ്ണക്ഷേത്രങ്ങളില്‍ പ്രത്യേക അഭിഷേകവും പൂജയും നടത്തിവരുന്നു. ബംഗാളിലാകട്ടെ അസുരന്മാരായ ശംഭുവിനെയും നിശംഭുവിനെയും നിഗ്രഹിച്ചത് കാളീദേവിയാണെന്നാണ് വിശ്വാസം. ഇതിനാല്‍ ഈ ദിനത്തില്‍ അര്‍ധരാത്രിയില്‍ ഇവിടെ കാളൂപൂജയ്ക്കാണ് പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്.
ഗുജറാത്തികള്‍ക്ക് സമ്പദ് വര്‍ഷാരംഭമാണ് ദീപാവലി ദിനം. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതുപോലെ വെള്ളിയും വാങ്ങുന്നത് ഐശ്വര്യമാണെന്നാണ് ഗുജറാത്തികളുടെ അടിയുറച്ച വിശ്വാസം. തമിഴ്‌നാടിനെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. ഇതേപോലെ മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ പൊടിപൊടിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി അഥവ ദീവാളി. തിന്മയെ അകറ്റി നന്മയുടെ ആയിരക്കണക്കിന് മണ്‍ചെരാതുകള്‍ മിഴിതുറക്കുമ്പോള്‍ ‘തമസോമാ ജ്യോതിര്‍ഗമയ’ എന്ന ആശയം ദീപാവലിയിലൂടെ അര്‍ഥവത്താകുകയാണ്.
ഭാഷയും ദേശവും വിശ്വാസവും മാറിയാലും ഭാരതീയ സംസ്‌കാരത്തെ സമ്പന്നമാക്കുന്ന ആഘോഷങ്ങളില്‍ ദീപാവലിക്കുള്ള പങ്കും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നതാണ് യാഥാര്‍ഥ്യം.