ന്യൂഡല്‍ഹി: തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ പരാതിയുമായി കഠ്‌വ കേസ് അഭിഭാഷക ദീപിക സിങ് രജാവത്. അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയ ‘സീ ഹിന്ദി ന്യൂസ്’ ചാനലിനെതിരെയാണ് ദീപിക സിംങ് രജാവത് നിയമനടപടിക്കൊരുങ്ങിയിരിക്കുന്നത്.
ഏപ്രില്‍ 17-ാം തിയ്യതി ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ പ്രോഗ്രാമിലാണ് ദീപിക സിംങ് രജാവതിനെതിരെയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുള്ളത്. ദീപിക ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലായിരിക്കുമ്പോള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും അവിടെ താമസിച്ചിട്ടില്ലെന്നും പരാതിയില്‍ ദീപിക വ്യക്തമാക്കി. അതേസമയം, ജെ.എന്‍.യുവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം കൂടി ചാനല്‍ നടത്തിയെന്നും ദീപിക സിംങ് രജാവത് പരാതിയില്‍ പറയുന്നു.
വസ്തുതക്ക് നിരക്കാത്തതാണ് വാര്‍ത്ത നല്‍കിയ ചാനലിന്റെ നടപടി. ദീപിക ജെ.എന്‍.യുവില്‍ ഉണ്ടായിട്ടില്ലെന്നും ദീപികക്കുവേണ്ടി ഹാജാരാവുന്ന അഭിഭാഷക സംഗീത മദാന്‍ പറഞ്ഞു. തനിക്കെതിരെയുള്ള വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും സംഭവത്തില്‍ ചാനല്‍ മാപ്പു പറയണമെന്നുമാണ് ദീപിക പരാതിയില്‍ ആവശ്യപ്പെടുന്നത്.
കഠ്‌വ സംഭവത്തില്‍ കേസില്‍ ഹാജരാവുന്ന ദീപികക്കെതിരെ നേരത്തെ സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിരുന്നു. താന്‍ ബലാത്സംഗം ചെയ്യപ്പെടാനും കൊല്ലപ്പെടാനും സാധ്യതയുണ്ടെന്നും ദീപിക വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതിക്ക് വേണ്ടി നിലയുറപ്പിക്കുമെന്നും ദീപിക വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് ദീപികക്കുനേരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്.