ഭോപാല്‍: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ (എംഎന്‍ആര്‍ഇജിഎ) ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു നല്‍കുന്ന കാര്‍ഡില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഫോട്ടോ. സോനു ശാന്തിലാല്‍ എന്നയാളുടെ പേരിലാണ് കാര്‍ഡ്. സോനു ശാന്തിലാല്‍, മനോജ് ദുബെ തുടങ്ങി പന്ത്രണ്ടോളം ആളുകളുടെ പേരിലുള്ള വ്യാജകാര്‍ഡുകളിലാണ് അവരുടെ ചിത്രത്തിനു പകരം സിനിമാ താരങ്ങളുടെ ഫോട്ടോ ഉള്ളത്.
താരങ്ങളുടെ ഫോട്ടോ ഉള്ള കാര്‍ഡിന്‍ നിന്ന് ലക്ഷങ്ങളാണ് പിന്‍വലിക്കുന്നത്. അതേസമയം, ഇതിനെപ്പറ്റി അറിയില്ലെന്നാണ് ശാന്തിലാല്‍ ഉള്‍പ്പെടെ ഈ വ്യാജ കാര്‍ഡുകളില്‍ പേരുള്ളവര്‍ പറയുന്നത്. എംഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം ഒരു ദിവസത്തെ ജോലി പോലും എടുത്തിട്ടില്ലെന്നു ദുബെയും ശാന്തിലാലും പറയുന്നു. തനിക്ക് 50 ഏക്കറോളം കൃഷിയിടമുണ്ടെന്നും എംഎന്‍ആര്‍ജിഎ കാര്‍ഡ് ഇല്ലെന്നും ദുബെ വ്യക്തമാക്കി.
‘ഈ കാര്‍ഡ് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് അറിയില്ല. അവര്‍ എന്റെ ഭാര്യയുടെ ചിത്രം മാറ്റിയാണ് ദീപികയുടെ ചിത്രം വച്ചിരിക്കുന്നത്’ സോനു ശാന്തിലാല്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും എംപ്ലോയ്‌മെന്റ് അസിസ്റ്റന്റും ഈ തട്ടിപ്പില്‍ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. എംഎന്‍ആര്‍ഇജിഎ പദ്ധതിക്കായി അനുവദിച്ച വേതനത്തിന്റെ 100 ശതമാനവും തൊഴിലാളികള്‍ക്കു നല്‍കിയതിന് പ്രശംസ പിടിച്ചുപറ്റിയ ജിര്‍നിയ ജില്ലാ പഞ്ചായത്തിലാണ് ഇപ്പോള്‍ വ്യാജ കാര്‍ഡ് വിവാദമുണ്ടായത്.