Categories: CultureViews

സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണി; ദീപ നിശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തൃശൂര്‍: സംഘ് പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ശ്രീ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. എം.എഫ് ഹുസൈന്റെ ചിത്രം കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ വരച്ചതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ദീപ നിശാന്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തു വന്നത്.

എം.എഫ് ഹുസൈന്റെ ‘സരസ്വതി’ ചിത്രം പതിച്ച ബോര്‍ഡിനു നേരെ എ.ബി.വി.പിയടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആക്രമണങ്ങളെ ദീപ നിശാന്ത് വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ദീപക്കെതിരെ ശക്തമായ ആക്രമണം നടന്നു. ഒരു സ്ത്രീയുടെ നഗ്നശരീരത്തില്‍ ദീപ നിശാന്തിന്റെ തല ഫോട്ടോഷോപ്പ് ചെയ്തു ചേര്‍ത്ത ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദീപ വ്യക്തമാക്കിയിട്ടുണ്ട്. ദീപയുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്നും പരിക്കേല്‍പ്പിക്കണമെന്നും ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പില്‍ പോസ്റ്റ് വന്നിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line