കമലിന്റെ ആമിയില്‍ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഞ്ജു ആമിയായി എത്തുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു. മഞ്ജുവിനെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്തുകയും ആമിയില്‍ നിന്ന് പിന്‍മാറണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാദങ്ങള്‍ കൊഴുത്തപ്പോള്‍ മഞ്ജു തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമല്ല അതെന്നും താനൊരു നടി മാത്രമാണെന്നും മഞ്ജുവിന് പറയേണ്ടി വന്നു. തിനക്ക് രാഷ്ട്രീയില്ലെന്നും തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അധ്യാപികയായ ദീപ നിഷാന്ത്. തനിക്ക് രാഷ്ട്രീയമില്ലെന്നതിനേക്കാള്‍ വലിയ അശ്ലീലമില്ലെന്ന് ദീപ നിഷാന്ത് തുറന്നടിച്ചിരിക്കുകയാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ ആശംസകള്‍…