X

ആസിഫക്ക് നീതി വാങ്ങി കൊടുക്കാന്‍ ചങ്കൂറ്റത്തോടെ പൊരുതിയ രമേഷ് കുമാര്‍, നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രണാമം

രാജ്യം ഒന്നടങ്കം ആസിഫക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ ചങ്കൂറ്റമാണ്. ആസിഫയോടുള്ള രമേഷ് കുമാറിന്റെ നീതി ബോധത്തിന് നിറകയ്യടിയാണ്
സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ നിസാരക്കാരയിരുന്നില്ല. അതിനാല്‍ തന്നെ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ മുമ്പില്‍. മരിക്കുന്നതിന് മുന്‍പ് എട്ടു വയസ്സുകാരിയോട് പ്രതികള്‍ കാണിച്ച കൊടും ക്രൂരത പുറംലോകത്ത് കൊണ്ടുവന്നത് രമേഷ് കുമാറിന്റെ കുറ്റപത്രമായിരുന്നു. അത്രത്തോളം തീവ്രമായി ആ കുഞ്ഞ് അനുഭവിച്ച കൊടുംയാതന അയാള്‍ കുറ്റപത്രത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കും വിധം വിവരിച്ചു. ആ കൊടുംക്രൂരതയുടെ ആഴം പുറംലോകത്തറിഞ്ഞതാണ് ആസിഫ കേസ് രാജ്യത്ത് ഇത്രത്തോളം ചര്‍ച്ചാവിഷയമാവാന്‍ പ്രധാനം കാരണം.

പ്രതികളെ രക്ഷിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ തന്നെ പ്രതികള്‍ക്കായി രംഗത്തിറങ്ങി. ചൗദരി ലാല്‍ സിങ്, ചന്ദ്രര്‍ പ്രകാശ് ഗംഗ എന്നീ മന്ത്രിമാരാണ് പ്രതികളെ രക്ഷിക്കാന്‍ ഹിന്ദു സംഘടന നടത്തിയ റാലിയില്‍ പങ്കെടുത്തത്. അപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വന്ന രാഷ്ട്രീയ സമ്മര്‍ദം എത്രത്തോളമെന്ന് വ്യക്തമാകും. ഭരണകൂടത്തോടൊപ്പം ഒരു സംഘം അഭിഭാഷകരും ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തി. കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ കോടതിയില്‍ പ്രവേശിപ്പിക്കാതെ ഈ അഭിഭാഷകര്‍ തടഞ്ഞുവെക്കുന്ന അവസ്ഥ പോലും ഉണ്ടായി. ഇതില്‍ നിന്നെല്ലാം ഒന്നു വ്യക്തമാണ് ഒരുപറ്റം നിയമപാലകരും അധികാരികളും വേട്ടക്കാരനൊപ്പമായിരുന്നെന്ന്. എന്നാല്‍ ഇതൊന്നും ആസിഫക്ക് നീതി ലഭിക്കണമെന്ന രമേഷ് കുമാറിന്റെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും കുറച്ചില്ല. അയാള്‍ ക്രൂരമായ കൊലപ്പെട്ട ആ എട്ടു വയസ്സുകാരിക്കായി നിലകൊണ്ടു. കോടതി അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്‍പതിന് ഇദ്ദേഹം കുറ്റപത്രം സമര്‍പ്പിച്ചു.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാലു പൊലീസുകാരുമടക്കം ആറുപേരെ പ്രതികളാക്കിയായിരുന്നു പഴുതുകളില്ലാത്ത കുറ്റപത്രം തയാറാക്കിയത്.കേസില്‍ നവീത് പെര്‍സാഡ എന്ന യുവ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം രമേഷ് കുമാറിനെ അന്വേഷണത്തില്‍ സഹായിച്ചു. ആ കൂട്ടായ്മയുടെ മിടുക്കും കൂടി ചേര്‍ന്നാണ് കോടതി അനുവദിച്ച സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുന്‍പും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് രതീഷ് കുമാര്‍ ജല്ല. തന്റെ ജീവനെക്കാളേറെ ആസിഫക്ക് നീതി വാങ്ങി കൊടുക്കാന്‍ പൊരുതിയ എസ്.പി രമേഷ് കുമാര്‍ ജല്ല നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രണാമം

chandrika: