തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ 650 മെഗാവാട്ടിന്റെവരെ കുറവ് വന്നതിനെത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 15 മിനിട്ട് നേരമാകും വൈദ്യുതി തടസ്സപ്പെടുക. വരും ദിവസങ്ങളിലും നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് അറിയിപ്പ്.
ജാർഖണ്ഡിലെ മൈത്തോൺ താപനിലയത്തിലെ ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. താത്‌കാലികാടിസ്ഥാനത്തിൽ പവർ എക്സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. യൂണിറ്റിന് 15 രൂപയാണ് രാത്രികാല വില. ഉയർന്ന വിലയായതിനാലാണ് വാങ്ങാതിരുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാൽ വൈദ്യുതി ഉപയോഗം കുറയും എന്നാണ് വിലയിരുത്തൽ. അതിനാൽ ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കില്ല. രാത്രി ഏഴുമുതൽ പതിനൊന്ന് വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.