വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തവര്‍ക്കുള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തം. സോഷ്യല്‍മീഡിയയിലടക്കം നിരവധി പേരാണ് സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
സേവന സന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചുകൊണ്ടാകരുത് ഒരു തീരുമാനവും നടപ്പാക്കേണ്ടതെന്ന് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന പറഞ്ഞു. ‘പൊലീസും ആര്‍മിയും വളന്റിയര്‍മാരുമടക്കം നൂറു കണക്കിന് പേരാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. എന്ത് സാഹചര്യത്തിലാണ് അങ്ങനെ ഒരു നിര്‍ദേശം വന്നത് എന്ന് വ്യക്തമല്ല. ഒരു പക്ഷേ തുടര്‍ന്ന് അങ്ങോട്ട് ഭക്ഷണ വിതരണം ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ മതി എന്ന തീരുമാനം ആകാം. അതില്‍ തെറ്റില്ല’.
‘പക്ഷേ സേവന സന്നദ്ധരായ മനുഷ്യരുടെ മനസിടിച്ചു കൊണ്ടാകരുത് ഒരു തീരുമാനവും നടപ്പാക്കേണ്ടത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയം കഴിഞ്ഞിട്ടില്ല. അവരുടെ ഭക്ഷണ വിതരണ സംവിധാനത്തെ കൂടി ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന് ഭക്ഷണ വിതരണ ചുമതല ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ അതാണ് വേണ്ടത്. തിരുത്തും എന്ന് പ്രതീക്ഷിക്കാം’- അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക്കിലൂടെ രം?ഗത്തുവന്നിരുന്നു. ഊട്ടുപുരയുണ്ടായിരുന്നതിനാല്‍ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ- പി.കെ ഫിറോസ് വ്യക്തമാക്കി.
‘ഇന്ത്യയില്‍ പേര് ഒരു പ്രശ്‌നമാണ്. പഴയിടത്തെ വീട്ടില്‍ പോയി ആശ്വസിപ്പിച്ച ‘നന്മയുള്ള കേരളത്തില്‍ ‘ഇതും ഇതിലപ്പുറവും നടക്കും’- സാമൂഹിക പ്രവര്‍ത്തക മൃദുലാദേവി കുറിച്ചു. ഊട്ടുപുര പൂട്ടിച്ച വാര്‍ത്തകള്‍ക്കു താഴെയും നിരവധി പേരാണ് സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെയാണ് ഊട്ടുപുര പൂട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡി.ഐ.ജി സംഘാടകരോട് ആവശ്യപ്പെട്ടത്. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തെരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത്.
അതേസമയം ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.