X

മലബാര്‍ സമര പോരാളികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള തീരുമാനം; ശക്തമായ പ്രതിഷേധവുമായി മുസ്‌ലിംലീഗ്

മലബാറിലെ സ്വാന്തന്ത്ര്യ സമര പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിംലീഗ്. ഐ.സി.എച്ച്.ആര്‍ ഇതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞതായും, സാംസ്‌കാരികവകുപ്പിന് ഐ.സി.എച്ച്.ആര്‍ ഈ വിവരം അറിയിച്ചതായും വാര്‍ത്തകള്‍ വന്നതോടെയാണ് പ്രതിഷേധം ശക്തമാക്കുന്നത്.

ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു. വിജയ് ചൗക്കില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പറഞ്ഞത്. ഇത്തോടൊപ്പം പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമായിരുന്നു 1921ലെ മലബാര്‍ സമരം. അതിന് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍, അടക്കമുള്ള നേതാക്കളെയും മറ്റു പ്രമുഖരെയുമെല്ലാം ബ്രിട്ടീഷ് പട്ടാളം ക്രൂരമായി മര്‍ദ്ദിക്കുകയും തൂക്കി കൊല്ലുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയില്‍ സ്ഥാനം പിടിച്ചത്. പ്രസിദ്ധ ചരിത്രകാരന്‍ ശ്രീ.എം ജി എസ് നാരായണന്‍ ചൂണ്ടിക്കാണിച്ചതുപോലെ മലബാര്‍ കലാപത്തെ വര്‍ഗീയ വല്‍ക്കരിക്കുന്നതിനും അവരെ ചരിത്രത്തില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയലക്ഷ്യം ഒന്നുകൊണ്ടുമാത്രമാണ്. ഇതിനെതിരായി ശക്തമായ സമീപനങ്ങള്‍ എടുക്കുകയും ഇന്ത്യന്‍ പാര്‍ലമെന്റിലും, കേരള അസംബ്ലിയിലും മറ്റു വേദികളിലുമെല്ലാം തന്നെ സജീവമായി ഇടപെടുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് നേതാക്കള്‍ പറഞ്ഞു.

Test User: