ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിപക്ഷത്തിന് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി തങ്ങളുടെ വോട്ടുവിഹിതം നിലനിര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
77 ദിവസങ്ങള്‍ക്കിടയില്‍ ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിശ്വസിച്ചിരിക്കെയാണ് റിപ്പോര്‍ട്ടിനെ സാധുകരിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ 37 ശതമാനം വോട്ടുവിഹിതം ആദ്യവാരത്തില്‍ തന്നെ പാര്‍ട്ടി മറികടക്കുമെന്ന് ലോക്നീതി-സി.എസ്.ഡി.എസ് കോ-ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
എന്നാല്‍ ആദ്യഘട്ടത്തിന് ശേഷം ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ 5 മുതല്‍ ആറ് ശതമാനം വരെ വ്യത്യാസമുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 2014ലെ വോട്ട് വിഹിതമായ 31 ശതമാനത്തിലേക്ക് ബി.ജെ.പി തള്ളപ്പെട്ടിരിക്കാമെന്നും ലോക്നീതി വിലയിരുത്തുന്നു.
എന്‍.ഡി.എ 400 സീറ്റും ബി.ജെ.പി 370ല്‍ അധികം സീറ്റുകളും നേടുമെന്ന പാര്‍ട്ടിയുടെ പ്രചരണം വോട്ടര്‍മാരുടെ ഉള്ളില്‍ ഭയം വളര്‍ത്തിയെന്നും സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം നേടിയാല്‍ മോദിയ്ക്ക് അനായാസമായി ഭണഘടനയെ അട്ടിമറിക്കാന്‍ കഴിയുമെന്ന ചിന്ത വോട്ടര്‍മാരില്‍ ഉണ്ടായെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ബി.ജെപിക്ക് പ്രതികൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പ്രചരണം ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിക്കുകയുമുണ്ടായി. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മണ്ഡലങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞേക്കാമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ദി ഹിന്ദു അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് ലോക്നീതി പോസ്റ്റ് പോള്‍ സര്‍വേ നടത്തുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ വിശ്വസനീയമാണ് പോസ്റ്റ് പോള്‍ സര്‍വേ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.