ബംഗളുരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലാഹുവിനാണോ രാമനാണോ വോട്ടു ചെയ്യേണ്ടതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ. ബന്ദ്‌വാളിലെ കല്ലട ഗ്രാമത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സുനില്‍ കുമാറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
അല്ലാഹുവും മതേതര മനസ്സുള്ള മുസ്‌ലിം സമുദായവുമാണ് തന്നെ ആറ് തവണ ബന്ദ്വാള്‍ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ചതെന്ന മന്ത്രി രാമനാഥ റായിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി എംഎല്‍എ രംഗത്തുവന്നത്. ആറ് തവണ ജയിച്ചത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണെന്ന മന്ത്രിയുടെ വാക്കുകള്‍ തന്നെ അതിശയിപ്പിച്ചെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
ബന്ദ്വാളില്‍ രാജേഷ് നായിക്കും രാമനാഥ റായിയും തമ്മില്‍ അല്ല അല്ലാഹുവും രാമനും തമ്മിലാണ് മത്സരമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇവരില്‍ ആരെ വേണമെന്ന് ബന്ദ്വാളിന് തീരുമാനിക്കാം. അല്ലാഹുവിനെ വീണ്ടും വീണ്ടും ജയിപ്പിക്കണോ അതോ രാമനെ സ്‌നേഹിക്കുന്ന വ്യക്തിയെ ജയിപ്പിക്കണോയെന്ന് ബന്ദ്വാളിനെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വര്‍ഗീയമായി വളരെ സെന്‍സിറ്റീവായ ദക്ഷിണ കന്നട ജില്ലയിലെ ബന്ദ്‌വാളിലെ തെരഞ്ഞെടുപ്പ് ‘ഹിന്ദുക്കളുടെ അഭിമാന പ്രശ്‌നമാണെന്നും’ കുമാര്‍ പറഞ്ഞു. തന്റെ വിജയത്തിന്റെ ക്രഡിറ്റ് അല്ലാഹുവിനും ഇസ്‌ലാമിനും നല്‍കിക്കൊണ്ട് ഒരു മന്ത്രി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടാണ് സുനില്‍കുമാര്‍ ഇത്തരമൊരു പ്രതികരണം നടത്തിയെന്ന് ന്യൂസ്18 റിപ്പോര്‍ട്ടു ചെയ്യുന്നു.