തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിച്ചു.മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയ തീരുമാനത്തിനെതിരെ ഐഎംഎ രാജ്യവ്യാപക സമരത്തെ പിന്തുണച്ചാണ് പണിമുടക്ക്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബര്‍ റൂം, ഐസിയു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ജനറല്‍ സര്‍ജറി ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിന് സ്‌പെഷലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര അനുമതി നല്‍കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതനുസരിച്ച് ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാലാക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ഇതിനായി, ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പിജി ആയുര്‍വേദ എജ്യുക്കേഷന്‍) റെഗുലേഷന്‍സ് ഭേദഗതി ചെയ്തു.
ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ പിജി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതില്‍ മാറ്റം വരും. പ്രായോഗിക പരിശീലനം കൂടി നേടിയശേഷം ഇവര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപ്പാക്കിയ നിയമ ഭേദഗതി.