X
    Categories: columns

പെരിയ വിധിയെങ്കിലും പാഠമാകുമോ

കാസര്‍കോട് പെരിയ കല്യോട്ടെ ശരത്‌ലാല്‍, കൃപേഷ് എന്നീ ചെറുപ്രായക്കാരായ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയെ ശരിവെച്ചിരിക്കുന്നത്. കൊലപാതകികള്‍ക്കുവേണ്ടി ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് നഷ്ടപ്പെടുത്തി വാദിച്ചതിനുശേഷവും സര്‍ക്കാരിനേറ്റ തിരിച്ചടി സര്‍ക്കാരിന് മാത്രമല്ല, സി.പി.എമ്മിനുകൂടിയുള്ള പെരിയ (വലിയ) പാഠമാണ്.

മുമ്പ് ഡി.ജി.പി നിയമനത്തിലടക്കം സുപ്രീംകോടതിയില്‍നിന്ന് നിരവധി തവണ താക്കീതിനും പിഴയടക്കലിനും വിധേയമായ പിണറായി സര്‍ക്കാരിനുള്ള പ്രഹരം സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇനിയെങ്കിലും നേരായ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് കരുതാമോ? ഇല്ലെന്നാണ് കഴിഞ്ഞ നാലര വര്‍ഷമായുള്ള ഈ സര്‍ക്കാരിന്റെയും നിയമ-ആഭ്യന്തര വകുപ്പുകളുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയു’മെന്ന പഴഞ്ചൊല്ലുപോലെ ഏതാനും ദിവസത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ജനകീയവിധി കാത്തിരിക്കുകയേ ഇനി ജനങ്ങള്‍ക്ക് നിര്‍വാഹമുള്ളൂ. സി.ബി.ഐ എട്ടു തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പ് ഫയലുകള്‍ കൈമാറന്‍ തയ്യാറാകാതിരുന്നതും അപ്പീലുകളുമായി തേരാപാരാ നടന്നതും കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന്റെ ആവശ്യമില്ലാതെതന്നെ യഥാര്‍ത്ഥ പ്രതികളാരാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം വ്യക്തമായിക്കഴിഞ്ഞു.

2019 ഫെബ്രുവരി 17നാണ് ഇരുട്ടിന്റെ മറവില്‍ രണ്ട് അരുംകൊലകള്‍കൂടി കേരളത്തിന്റെ ഉത്തരദേശത്ത് അരങ്ങേറിയത്. 2012ലെ ടി.പി ചന്ദ്രശേഖരന്റെയും അരിയില്‍ ഷുക്കൂറിന്റെയും 2018ലെ ശുഹൈബിന്റെയുമുള്‍പ്പെടെ സി.പി.എമ്മുകാര്‍ പ്രതികളായ നിരവധി അരുംകൊലകള്‍ക്കുശേഷം നാട് വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് വീണ്ടും വടിവാള്‍ രാഷ്ട്രീയവുമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ രണ്ട് ഇളംചെരുപ്പക്കാര്‍ക്കുനേരെ അടങ്ങാത്ത രക്തദാഹവുമായി പാഞ്ഞടുക്കുന്നത്. ഒരിക്കലും അതൊരു കൊലപാതകമാവരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു വിവരമറിഞ്ഞതുമുതല്‍ മന:സാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളികളെല്ലാം.

എന്നാല്‍ അവരെയെല്ലാം ഒരുതവണകൂടി ഞെട്ടിച്ചുകൊണ്ടാണ് പതിവുപോലെ സി.പി.എമ്മുകാര്‍തന്നെയാണ് കൊലപാകം നടത്തിയതെന്ന് വ്യക്തമായത്. സി.പി.എം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍തന്നെ പ്രതികളെക്കുറിച്ച് ഏകദേശചിത്രം രാവിലെതന്നെ ലഭിച്ചിരുന്നതാണ്. തലേന്ന് രാത്രി പ്രദേശത്തെ ക്ഷേത്രോല്‍സവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത് വീടുകളിലേക്ക് തിരിച്ചുപോരുമ്പോഴായിരുന്നു രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ശരത്‌ലാലിനെയും കൃപേഷിനെയും മാര്‍ക്‌സിസ്റ്റ് കാപാലികര്‍ നടുറോഡില്‍ അരിഞ്ഞുതള്ളിയത്. അതും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി വാദിക്കുന്ന പാര്‍ട്ടിയുടെ വക്താക്കള്‍ നടത്തിയ പാവപ്പെട്ട കുടുംബങ്ങളിലെ രണ്ട് ചെറുപ്പക്കാരുടെ അരുംകൊല.

ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ശുഹൈബ്, ജയകൃഷ്ണന്‍മാസ്റ്റര്‍, കതിരൂര്‍ മനോജ് തുടങ്ങിയ വധക്കേസുകളില്‍ പിണറായി വിജയന്റെ കീഴിലെ പൊലീസ് നടത്തിയ അരുതായ്മകള്‍ തിരിച്ചറിഞ്ഞിട്ടുള്ള ജനങ്ങളെ സംബന്ധിച്ച് കാസര്‍കോട്ടെ കേസിലെങ്കിലും അര്‍ഹരായവര്‍ക്ക് നീതി ലഭിക്കണമെന്ന വാദമാണ് ഉണ്ടായത്. ജനമനസ്സിലെ സംശയം ദൂരീകരിക്കപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ നീതിന്യായ സംവിധാനത്തിനുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനപൊലീസും ആഭ്യന്തരവകുപ്പും സര്‍ക്കാരും സി.പി.എമ്മും ഈ കേസിലും തങ്ങളുടെ കറകളഞ്ഞ പ്രതിവാദമാണ് ഉയര്‍ത്തിയത്. ഇത് നിരപരാധികളായ ഇരകളുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആശങ്ക ഏറ്റുന്നതായി.

അതുകൊണ്ടാണ് ആ കുടുംബങ്ങള്‍ക്ക് സഹായവുമായി കെ.പി.സി.സി രംഗത്തെത്തിയതും ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണമെന്നവാദം ഉയര്‍ത്തിയതും. എന്നാല്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ സി.ബി.ഐക്ക് കേസ് വിടേണ്ട കാര്യമില്ലെന്നുമുള്ള വിചിത്രവാദമാണ് പതിവുപോലെ സി.പി.എമ്മും സര്‍ക്കാരും കോടതിയില്‍ ഉയര്‍ത്തിയത്. അതും ലക്ഷങ്ങള്‍ ഫീസ്‌കൊടുത്ത് ഡല്‍ഹിയില്‍നിന്നുവരെ പ്രശസ്ത അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ച്. 25 ലക്ഷം രൂപയാണ് ഒരൊറ്റ അഭിഭാഷകന് വേണ്ടി മാത്രം കേരളഹൈക്കോടതിയില്‍ കേസ് വാദിക്കാനായി പിണറായി സര്‍ക്കാര്‍ മുടക്കിയത്. അതാകട്ടെ പാവപ്പെട്ടജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള വിഹിതമെടുത്തുകൊണ്ടും.

കുടുംബാംഗങ്ങളുടെ ഹര്‍ജിയില്‍ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി വിധിപ്രസ്താവിച്ചത് 2019 ഒക്ടോബറിലായിരുന്നു. അതിനുമുമ്പ് സിംഗിള്‍ബെഞ്ച് നടത്തിയ വിധിപ്രസ്താവത്തിലും കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന വിധിയാണുണ്ടായത്. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍പോയത്. ഇതിനകം 88 ലക്ഷംരൂപയാണ് ഖജനാവില്‍നിന്ന് സര്‍ക്കാര്‍ പെരിയ കേസിന്റെ അപ്പീലിനുവേണ്ടി ചെലവഴിച്ചതെന്നാണ ്കണക്ക്. സുപ്രീംകോടതിയിലും തോറ്റതോടെ കേസില്‍ സര്‍ക്കാര്‍ ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ ഇനി പുറത്തുവരുമോ എന്ന് കണ്ടറിയണം. ഏതായാലും സി.ബി.ഐ അന്വേഷിച്ച കതിരൂര്‍മനോജ് കേസില്‍ സി.പി.എം നേതാവ് പി.ജയരാജന്‍ മയങ്ങിവീണ് അഭിനയിച്ചതുപോലെ കാസര്‍ക്കോട്ടെ സി.പി.എം നേതാക്കള്‍ക്കും പെരിയ കേസില്‍ ഒട്ടേറെ അഭിനയം കാഴ്ചവെക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

സി.പി.എമ്മിന്റെ ഏരിയാസെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ലോക്കല്‍കമ്മിറ്റിയംഗം തുടങ്ങി 14 പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരിക്കുന്നത്. കേസ് ഇല്ലാതാക്കാനും പ്രതികളെ രക്ഷപ്പെടുത്താനും ശ്രമിക്കാതെയായപ്പോഴാണ് കോടതികളില്‍നിന്ന് കോടതികളിലേക്ക് അപ്പീലുമായി സര്‍ക്കാരിന് പോകേണ്ടിവന്നത്. ഇത് കണ്ടറിഞ്ഞായിരിക്കണം കോടതികള്‍ സര്‍ക്കാര്‍ വാദത്തെ തുടര്‍ച്ചയായി നിഷ്‌കരുണം തള്ളിക്കളഞ്ഞത്. ഇനിയെങ്കിലും പ്രതികളുടെപങ്ക് തുറന്നുപറയാനും പാര്‍ട്ടിയില്‍നിന്ന് അവരെ പുറത്താക്കാനും സര്‍ക്കാര്‍ തയ്യാറാകണം. അഭിഭാഷകര്‍ക്ക് നല്‍കിയ ജനങ്ങളുടെ അധ്വാനഫലം പാര്‍ട്ടിഫണ്ടില്‍നിന്ന് ട്രഷറിയിലേക്ക് തിരിച്ചടക്കാനും പിണറായി സര്‍ക്കാര്‍ മടികാണിക്കരുത്. ടി.പി കേസില്‍ കിണഞ്ഞ് ശ്രമിച്ചിട്ടും പാര്‍ട്ടിയുടെ പങ്ക് വ്യക്തമായശേഷവും കുഞ്ഞനന്തനെപോലുള്ള കുറ്റവാളികളെ സംരക്ഷിച്ച സര്‍ക്കാരും പാര്‍ട്ടിയും പെരിയ കേസിലെ സുപ്രീംകോടതിയുടെ താക്കീത് തിരിച്ചറിഞ്ഞ് ഭാവിയിലെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് ആ പാര്‍ട്ടിയുടെ ഭാവിക്ക് മാത്രമല്ല, ഈനാടിന്റെ ശാന്തിക്കും ജനാധിപത്യത്തിനും ഗുണകരമാകുമെന്നേ പറയാനുള്ളൂ. ബാക്കിയെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്.

Test User: