ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചതായും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത് വന്നത്.
പൊലീസിന്റെ അന്വേഷണവും സിബിഐയ്ക്ക് കൈമാറേണ്ട പ്രധാന വിവരങ്ങളും സര്‍ക്കാര്‍ അട്ടിമറിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചതില്‍ മൂന്ന് പേരെ സസ്‌പെന്‍സ് ചെയ്തത് പ്രഹസനമാണ്. റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായില്ലെന്നും കേസിലെ പ്രതിയായ അക്ഷയിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്‌ഐ നേതാവ് അര്‍ഷോ നിരന്തരം കോളേജില്‍ എത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണം. അര്‍ഷോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാര്‍ഥനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
നടപടി ഉണ്ടായില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കും. സിബിഐ അന്വേഷണം വൈകുന്നു എന്നതിനല്ല സമരം ചെയ്യുന്നത്, മറിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.