X

കടക്കെണിയില്‍ പെരുകുന്ന ആത്മഹത്യകള്‍-പി.കെ.അബ്ദുല്‍ അസീസ്‌

കട ബാധ്യതയില്‍ മനംനൊന്ത് ജീവനൊടുക്കുന്ന ദുഃഖകരമായ സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവേണ്ട സര്‍ക്കാറും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം വായ്പക്കാരെ കൈയ്യൊഴിയുകയും കുടിശ്ശികക്കാര്‍ക്ക് കുരുക്കുകള്‍ മുറുക്കുകയും ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ യിലേക്കുള്ള വഴി തേടുകയാണ് കടക്കെണിയില്‍പ്പെട്ട കര്‍ഷകരും മറ്റു സാധാരണക്കാരുമെല്ലാം.

വന്‍കിടക്കാര്‍ക്കും കുത്തകകള്‍ക്കും ശതകോടികളുമായി മുങ്ങാന്‍ ഒത്താശ ചെയ്യുകയും കിട്ടാക്കടത്തിന്റെ മറവില്‍ അവരുടെ ബാധ്യതകള്‍ എഴുതി തള്ളാന്‍ അതീവ താല്‍പര്യവും കാണിക്കുന്ന ധനകാര്യസ്ഥാപനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കും മറ്റു സാധാരണ വായ്പക്കാര്‍ക്കും കുടിശ്ശികയുടെ പേരില്‍ ആശ്വാസം നല്‍കുന്നതിനു പകരം അവരെ വേട്ടയാടാനുള്ള മത്സരത്തില്‍ പല ധനകാര്യ സ്ഥാപനങ്ങളും അത്യുത്സാഹം കാണിക്കുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. വായ്പക്കാരും കുടിശ്ശികക്കാരും പലിശയും പിഴപ്പലിശയും നല്‍കി നടുവൊടിഞ്ഞ് കടത്തില്‍ മുങ്ങി താഴുമ്പോഴും ധനകാര്യ സ്ഥാപനങ്ങളെല്ലാം ലാഭകരമായിട്ടാണ് മുന്നറുന്നത്. ഓരോ വര്‍ഷവും കോടി കളുടെ ലാഭം ഓരോ ബേങ്കും പ്രസിദ്ധീകരിക്കുന്നുണ്ട്.

നീതീ, ന്യായ വിചാരണയില്ലാതെ ബാധ്യതക്കാരന്റെ ഈടു സ്വത്തുക്കള്‍ സര്‍ഫാസി നിയമത്തിലൂടെ കരസ്ഥപ്പെടുത്തിയും ജപ്തിയിലൂടെയും മറ്റു നിയമ വഴികളിലൂടെയും കടം ഈടാക്കിയുമാണ് ബേങ്കുകള്‍ ലാഭക്കണക്കില്‍ അഭിമാനം കൊള്ളുന്നത്. വായ്പക്കാരായ ഇടപാടുകാരില്‍ നിന്നു പിടിച്ചു പറിച്ചു വാങ്ങുന്ന പലിശയും, പിഴ പലിശയും, കൂട്ടുപലിശയും കൊണ്ട് വളര്‍ന്ന് സമ്പന്നമായ ധനകാര്യ സ്ഥാപനങ്ങളെല്ലാം വളര്‍ന്ന വഴികള്‍ മറന്ന് ഇടപാടുകാര്‍ അനുഭവിക്കുന്ന പ്രതിസന്ധി കാലത്ത് കണ്ണില്‍ ചോരയില്ലാത്ത ചെയ്തികളിലൂടെ വരിഞ്ഞു മുറുക്കാന്‍ തയ്യാറാവുകയാണ്. ബേങ്കുകാരുടെ ഇത്തരം ക്രൂരതകളുടെ ഇരകളാണ് വയനാട്ടിലെ ഒരു മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും, തിരുനെല്ലി കൊട്ടിയൂരിലെ യുവ കര്‍ഷനുമെല്ലാം.

നാട്ടിലെ സാധാരണക്കാര്‍ക്കും മറ്റും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നതെന്ന് അവകാശപ്പെട്ടാണ് ഓരോ ധനകാര്യ സ്ഥാപനവും നിക്ഷേപങ്ങള്‍ സ്‌കരിക്കുന്നതും വായ്പകള്‍ നല്‍കുന്നതും. എന്നാല്‍ കര്‍ഷകരുള്‍പ്പെട്ട സമൂഹം പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന കാലത്ത് മനുഷ്യത്വരഹിതമായപെരുമാറ്റമാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള അനുഭവമെന്ന് പറയാതിരിക്കാനും വയ്യ.

2020ല്‍ രാജ്യത്ത് 10677 കര്‍ഷകരും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും ആത്മഹത്യ ചെയ്തുവെന്നാണ് ദേശീയ െ്രെകം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ പ്രകാരം കേരളത്തിലെ ഓരോ കര്‍ഷക കുടുംബത്തിന്റെയും ഒരു വര്‍ഷത്തെ ശരാശരി കടം 2,42,000 രൂപയാണ്. ദേശീയ ശരാശരിയേക്കാളും കൂടുതലാണിത്.കര്‍ഷകരുള്‍പ്പെട്ട സമൂഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ജപ്തികളും, നിയമ നടപടികളും നിര്‍ത്തി വെച്ച് കടക്കെണിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരോടപ്പം നില്‍ക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കരിക്കാനുള്ള സന്മനസാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്.

Chandrika Web: