കൊച്ചി: യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ കേരളത്തില്‍ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കാരുണ്യ ചികിത്സാ പദ്ധതിയില്‍ നിന്നും ആശാധാരാ പദ്ധതിയിലേക്കുള്ള മാറ്റം ഹീമോഫീലിയ രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. രോഗി ആശുപത്രിയിലായാല്‍ മാത്രമേ ചികിത്സയും മരുന്നും അനുവദിക്കേണ്ടതുള്ളൂവെന്ന ആശാധാരയിലെ വ്യവസ്ഥയാണ് ഹീമോഫീലിയ രോഗികളെ ബുദ്ധിമുട്ടിലാക്കിയത്.
ജില്ലകളില്‍ ഹീമോഫീലയ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ദുരെയുള്ള രോഗികള്‍ക്ക് ആശുപത്രിയിലെത്താന്‍ പ്രയാസമുണ്ട്. കാരുണ്യ രീതി പുനരാരംഭിച്ചാല്‍ ഹീമോഫീലിയ രോഗികള്‍ക്ക് യഥാസമയം സൗജന്യ ചികിത്സ ലഭിക്കുമെന്ന് സൊസൈറ്റി കൊച്ചി ചാപ്റ്റന്‍ സെക്രട്ടറി വിനോദ് അരവിന്ദാക്ഷന്‍ പറഞ്ഞു.