X
    Categories: CultureNewsViews

സംസ്ഥാനത്ത് വോട്ട് ചെയ്യാനെത്തിയ ഏഴുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിനിടെ ഏഴുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണ് മരിച്ചു. മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിയില്‍ പ്രഭാകരന്‍ (74) ആണ് മരിച്ചത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഉടന്‍ പ്രഭാകരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റു മരണങ്ങള്‍. കാലടിയില്‍ പാറപ്പുറം കുമാരനാശാന്‍ സ്മാരക എല്‍.പി.എസ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാന്‍ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു. 2 കിലോമീറ്റര്‍ അകലെ കാഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കൊല്ലം കിളികൊല്ലൂരില്‍ വോട്ടു ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞു വീണാണ് മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ 5ാം നമ്പര്‍ ബൂത്തിലാണു സംഭവം. കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (പുരുഷന്‍ 63) ആണു മരിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു കാണാത്തതിനെത്തുടര്‍ന്നു പോളിങ് ഓഫിസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണു വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സി.എച്ച്.സിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്.എസ്.എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍നിന്ന സ്ത്രീ തളര്‍ന്നുവീണു മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മൂടോളി വിജയി (65) ആണ് മരിച്ചത്. പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്‍ 66) കുഴഞ്ഞുവീണ് മരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: