ദോഹ: ലോകകപ്പില്‍ ഇന്ന് മുതല്‍ മരണപ്പോരാട്ടങ്ങളാണ്. ഗ്രൂപ്പ് തലത്തിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കാണ് തുടക്കമാവുന്നത്. മല്‍സര സമയ ക്രമത്തില്‍ മാറ്റമുണ്ട്. ഓരോ ഗ്രൂപ്പിലെയും അവസാന മല്‍സരങ്ങള്‍ ഒരേ സമയത്താണ്. ഒത്തുകളി സാധ്യതകളെ ഇല്ലാതാക്കനാണ് ഇത്.
ഗ്രൂപ്പ് എ യിലെ മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 8.30 നാണ്. ബി ഗ്രൂപ്പിലെ മല്‍സരങ്ങള്‍ പുലര്‍ച്ചെ 12.30 നും. ഗ്രൂപ്പ് എ യില്‍ നിലവില്‍ നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ എന്നിവര്‍ നാല് പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. ഇന്നത്തെ മല്‍സരങ്ങള്‍ ഗ്രൂപ്പില്‍ നിന്നും ആരെല്ലാം നോക്കൗട്ടിലെത്തുമെന്ന് നിശ്ചയിക്കും. നെതര്‍ലന്‍ഡ്‌സിന് സാധ്യത കുടുതലാണ്. ആദ്യ രണ്ട് മല്‍സരങ്ങളിലും പരാജിതരായ ഖത്തറിനെയാണ് അവര്‍ നേരിടുന്നത്. മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഡച്ചുകാര്‍ കയറും. രണ്ടാമത് മല്‍സരം നിര്‍ണായകമാണ്. മൂന്ന് പോയിന്റുമായി മൂന്നാമതുള്ള സെനഗലിന് ഇക്വഡോറിനെ തോല്‍പ്പിക്കണം. എങ്കില്‍ മാത്രമാണ് യോഗ്യത. ഇക്വഡോറിന് സമനില മതി. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് (4) ഇറാന്‍ (3) എന്നിവരാണ് മുന്നില്‍. ഇംഗ്ലണ്ട് വെയില്‍സിനെ നേരിടുമ്പോള്‍ സമനില മാത്രം മതി നോക്കൗട്ടിലെത്താന്‍. ഇറാന്‍ നേരിടുന്നത് അമേരിക്കയെ. ഇതില്‍ ജയിക്കുന്നവരും യോഗ്യത നേടും. ഇംഗ്ലണ്ട് വെയില്‍സിനെ തോല്‍പ്പിച്ചാല്‍ ഇറാന് സമനില മതി. വെയില്‍സ് അട്ടിമറി നേടിയാല്‍ ഇറാന് ജയിക്കേണ്ടി വരും. ഇറാനെ തോല്‍പ്പിച്ചാല്‍ അമേരിക്ക കയറും.