X

മരണയങ്കം; ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പാദ സെമി ഇന്ന്‌

മഡ്ഗാവ്:ഇവാന്‍ വുകുമനോവിച്ച് ഒരു കാര്യം തുറന്ന് പറയുന്നു-ആദ്യ ലെഗിലെ 1-0 ലീഡ് ഞങ്ങള്‍ മറന്നിരിക്കുന്നു. ഇന്ന് പുതിയ മല്‍സരമാണ്. 0-0 ത്തിലാണ് തുടങ്ങുന്നത്. ഈ മല്‍സരം ജയിക്കണം. അത് എളുപ്പമല്ലെന്ന് വ്യക്തമായി അറിയാം. പക്ഷേ പുതിയ മല്‍സരമെന്ന രീതിയില്‍ ജയിക്കാന്‍ തന്നെ കളിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഈ വാക്കുകള്‍ക്ക് ജംഷഡ്പ്പൂര്‍ എഫ്.സി പരിശീലകന്‍ ഓവന്‍ കോയ്‌ലെ പറയുന്നത് ഇപ്രകാരം :ഞങ്ങളുടെ സമീപനത്തില്‍ മാറ്റമില്ല. എല്ലാ മല്‍സരങ്ങളും ജയിക്കുക എന്നതാണ് വളരെ പ്രധാനം. അവസാന മല്‍സരത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അത് വഴി ഞങ്ങളുടെ തുടര്‍ച്ചയായ വിജയയാത്ര അവസാനിച്ചു. ഇന്ന് പുതിയ മല്‍സരമാണ്. അത് ജയിക്കണം…

രണ്ട് പരിശീലകരുടെ വാക്കുകളില്‍ തന്നെയുണ്ട് ഇന്നത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പാദ സെമിയുടെ പ്രസക്തി. 90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്‌സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം. സഹല്‍ അബ്ദുള്‍ സമദിന്റെ തകര്‍പ്പന്‍ ഗോളാണ് മഞ്ഞപ്പടക്ക് നല്‍കുന്ന ആത്മവിശ്വാസം. ഈ ലീഡ് നിലനിര്‍ത്തുക എന്നത് എളുപ്പമല്ല എന്ന സത്യവും അവര്‍ തിരിച്ചറിയുന്നു. ആദ്യ പാദത്തിന്റെ ആദ്യ പകുതിയില്‍ മൈതാനം നിറഞ്ഞത് ജംഷഡ്പ്പൂരായിരുന്നു. ഡാനിയല്‍ ചിമ ചുകുവ എന്ന നൈജീരിയക്കാരന് ലഭിച്ച രണ്ട് തുറന്ന അവസരങ്ങള്‍ പാഴായി. ഗ്രെഗ് സ്റ്റിയൂവര്‍ട്ട്് എന്ന ജംഷഡ്പ്പൂരിന്റെ സ്‌ക്കോട്ടിഷ് ഗോള്‍ മെഷിനാവട്ടെ ഫോമിലുമായിരുന്നില്ല. ഈ രണ്ട് പേരും ഇന്ന് തിരിച്ചടിക്ക് കോപ്പ് കൂട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയില്‍ മാര്‍കോ ലെസ്‌കോവിച്ച്, റുവ ഹോര്‍മിപാം എന്നിവര്‍ക്കും ഗോള്‍ വലയത്തിന് കീഴില്‍ ഗില്ലിനും പിടിപ്പത് പണിയാവും. വിജയം മാത്രമാണ് ജംഷഡ്പ്പൂരിന് ആവശ്യം. അതും മെച്ചപ്പെട്ട മാര്‍ജിനില്‍. ആദ്യം ഒരു ഗോള്‍ കമ്മി നികത്തണം. പിന്നെ ലീഡ് നേടണം. ഐ.എസ്.എല്ലില്‍ അതിവേഗ ആക്രമണത്തിന്റെ വക്താകളായാണ് അവര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. വേഗതക്കൊപ്പം ലക്ഷ്യബോധവുമാണ് സ്റ്റീല്‍ സിറ്റിക്കാരുടെ കരുത്ത്. ബ്ലാസ്‌റ്റേഴ്‌സും സമാന വേഗതയില്‍ ആക്രമിച്ച് കളിക്കുന്നവരാണ്. അല്‍വാരോ വാസ്‌ക്കസ്, അഡ്രിയാന്‍ ലൂന, ജോര്‍ജ് പെരേര എന്നിവര്‍ക്കൊപ്പം സഹലുമാവുമ്പോള്‍ ജംഷഡ്പ്പൂര്‍ ഗോള്‍വല കാക്കുന്ന കോഴിക്കോട്ടുകാരന്‍ ടി.പി രഹനേഷിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ലൂനയുടെ മിന്നും ഫ്രീകിക്കില്‍ നിന്നും ആദ്യ പാദത്തില്‍ ജംഷഡ്പ്പൂര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന് മാത്രമായിരുന്നു. രണ്ട്് വേഗ ടീമുകള്‍ പരസ്പരം മാറ്റുരക്കുമ്പോള്‍ ഇന്നത്തെ അങ്കം ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും. സമനിലയാണ് ഫലമെങ്കില്‍ അധികസമയത്തേക്കും പിറകെ ഷൂട്ടൗട്ടിലേക്കും കാര്യങ്ങള്‍ പോവും. നോക്കൗട്ട് അങ്കമായതിനാല്‍ വിജയികള്‍ നിര്‍ബന്ധമാണ്. ഇന്ന് ഒരു ഗോളിന് ജംഷഡ്പ്പൂര്‍ ജയിച്ചാലാവും കളി അധികസമയത്തേക്ക് പോവുക. മല്‍സരം 7-30 മുതല്‍.

Test User: