ഡല്‍ഹി മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേര്‍ കൂടി മരിക്കുകയായിരുന്നു. നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിട ഉടമ അടക്കം 25 ഓളം പേര്‍ കെട്ടിടത്തില്‍ താമസിസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.