ഗസ്സ; ഗസ്സയിലെ ഇസ്രാഈല്‍ കൂട്ടക്കുരുതിയില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്നലെ പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം 8525 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 3,542 പേരും കുട്ടികളാണ്. വൈകീട്ടോടെ ഖാന്‍ യൂനിസിനു സമീപം ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ബോംബുവര്‍ഷത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രാഈല്‍ സൈന്യം നടത്തുന്ന കരയാക്രമണത്തിലും നിരവധി ഫലസ്തീനികളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എല്ലാം ചേരുന്നതോടെ മരണ നിരക്ക് കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഗസ്സ അഭയാര്‍ത്ഥി ക്യാമ്പിനു മുകളില്‍ തുടര്‍ച്ചയായി ബോംബു വര്‍ഷിച്ച് ഇസ്രാഈലിന്റെ കൊടും ക്രൂരത വീണ്ടും. ഒരാഴ്ച മുമ്പ് അല്‍ അഹ്്‌ലി ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് സമാനമായാണ് ഇന്നലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പ് ആക്രമിച്ചത്. 400 ലേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഏറെയും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. മരണ സംഖ്യ ഉയരാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒന്നിനു പിന്നാലെ ഒന്നായി ആറു ബോംബുകളാണ് ജബലിയയിലെ അഭയാര്‍ത്ഥി സെറ്റില്‍മെന്റിനു മുകളിലും സമീപത്തുമായി ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്ന് ലേഖകന്‍ അഹമ്മദ് അല്‍ കഹലൗത്തിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് നിര്‍മ്മിത ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു ടണ്‍ പ്രഹരശേഷിയുള്ളതാണ് ഓരോ ബോംബും. അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും നാമാവശേഷമായതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ഖാന്‍ യൂനിസിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വൈദ്യുതി നിലച്ചതിനെതുടര്‍ന്ന് ഇന്നലെ പ്രവര്‍ത്തം നിര്‍ത്തിയ ആശുപത്രിയിലാണ് പരിക്കേറ്റ നൂറിലേറെ പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇന്തൊനേഷ്യന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള അല്‍ അഹ്‌ലി ആശുപത്രിക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണം ലോകവ്യാപകമായി പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഗസ്സയില്‍ വെടിനിര്‍ത്തലിന് ഒരുക്കമല്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അഭയാര്‍ത്ഥി ക്യാമ്പിനുനേരെയുള്ള ആക്രമണം. ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യം കരയാക്രമണത്തിനും മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.