ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.
ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.