ആലപ്പുഴ: ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ സഹശാന്തിക്കാരനായി നിയമനം ലഭിച്ച ഈഴവ സമുദായാംഗത്തിനെതിരെ വധഭീഷണി. ദേവസ്വം ശാന്തിക്കാരന്‍ നാരായണ ശര്‍മ്മ വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതായി പുതുതായി നിയമനം ലഭിച്ച സുധികുമാര്‍ പരാതി നല്‍കി. നിയമന ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സുധികുമാര്‍ ഇന്ന് ചുമതലയേറ്റില്ല. ഇന്നലെയാണ് ആലപ്പുഴ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സുധീര്‍കുമാറിനെ കീഴ്ശാന്തിയായി നിയമിച്ചത്.
നേരത്തെ സുധീര്‍കുമാറിനെ പൂജാരിയായി നിയമിച്ചാല്‍ ദൈവകോപമുണ്ടാവുമെന്നു പറഞ്ഞ ക്ഷേത്രം തന്ത്രി ദേവസ്വം കമ്മീഷണറോട് നിയമനം റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അപ്പീലിനെ തുടര്‍ന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം പുനപരിശോധിക്കുകയും ഇന്നലെ ഉച്ചയോടെ പുനര്‍നിയമനം നടത്തുകയും ചെയ്യുകയായിരുന്നു.
സുധീര്‍കുമാറിന്റെ നിയമനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളും ഹിന്ദുമത കണ്‍വെന്‍ഷനും രംഗത്തുവന്നിരുന്നു. തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ക്ഷേത്ര ഭരണസമിതി പാസാക്കിയ പ്രമേയത്തെ തള്ളിയാണ് സുധീര്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുത്തത്.
സുധികുമാറിന്റെ വീട്ടുകാര്‍ കായംകുളം പൊലീസിലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പരാതി നല്‍കിയിട്ടുണ്ട്.