ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വധഭീഷണി. പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ തനിക്കെതിരെ കാമ്പയിനും നടക്കുന്നുണ്ട്.
പാർലമെന്റിൽ താൻ വാക്കുകൾ കൊണ്ട് ആക്രമിക്കപ്പെട്ടു. ഇപ്പോൾ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബി.ജെ.പി ഐ.ടി സെൽ അവരുടെ ജോലി ചെയ്യുന്നുണ്ട്. പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്.
‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.