ഭോപ്പാല്‍: പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. ഇതുസംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ബില്‍ പാസാക്കുകയായിരുന്നു. പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പാക്കണമെന്നാണ് ബില്ലിലുള്ളത്. പീഡനശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുറിച്ചുനോട്ടം തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത്തരം കേസുകളില്‍ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നല്‍കണമെന്നും ബില്ലില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. സംസ്ഥാനത്ത് ബലാത്സംഗ കേസുകള്‍ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുതിയ നിയമം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2015ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശില്‍ ആയിരുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ലെന്നും അവര്‍ ചെകുത്താനും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണെന്നും ശിവ്രാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു.
- 7 years ago
chandrika
Categories:
Video Stories