ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷക്ക് വിധേയമാക്കാനുള്ള പാക് സൈനികകോടതി വിധിക്കെതിരെ രാജ്യം ഒന്നടങ്കം കടുത്ത അമര്‍ഷത്തിലാണ്. ഇറാനില്‍ വ്യവസായിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്താന്‍ പിടികൂടിയതും ന്യായമായ വിചാരണ കൂടാതെ കടുത്ത ശിക്ഷക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. സംഭവം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണപക്ഷ-പ്രതിപക്ഷ ബെഞ്ചുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നുവെന്നതിനുപുറമെ ഇരുരാജ്യങ്ങളില്‍ തമ്മില്‍ സ്വതവേ തന്നെ ഉണ്ടായിട്ടുള്ള ബന്ധത്തിലെ ഉലച്ചിലിനെ ഇത് കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തിരിക്കുന്നു. എന്തിനും തയ്യാറാണെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുള്ളതെങ്കില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കണമെന്നാണ് കോണ്‍ഗ്രസും മറ്റും ആവശ്യപ്പെടുന്നത്.
ചാരവൃത്തി എന്നും രാജ്യങ്ങളുടെ വൈദേശിക വിഷയമാണ്. ഇതുകാരണം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുക മാത്രമല്ല, യുദ്ധങ്ങള്‍ പോലും ഇതിന്റെ പേരില്‍ ലോകത്തുണ്ടായിട്ടുണ്ട്. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അസ്വാരസ്യം കുല്‍ഭൂഷന്‍ സംഭവത്തിലൂടെ വീണ്ടും വഷളാകുന്നത് മേഖലയില്‍ കനത്ത ആശങ്കക്ക് ഇടവരുത്തുമെന്നതില്‍ തര്‍ക്കമില്ല. കുല്‍ഭൂഷന്‍ അങ്ങനെ ചെയ്തതായി ഇന്ത്യക്ക് ഒരു വിവരവുമില്ലെന്നു മാത്രമല്ല, ഇനി അദ്ദേഹത്തെ കുടുക്കി ജയിലിലിടച്ചതാവാനും മതിയെന്നാണ് വിദേശകാര്യ മന്ത്രി സുഷമസ്വരാജ് പറയുന്നത്. ഏതായാലും ഇന്ത്യന്‍ പൗരനെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇക്കാര്യത്തില്‍ അലംഭാവപൂര്‍വമായ നടപടികള്‍ ഉണ്ടായിക്കൂടാ. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുനഗാര്‍ഖെ കഴിഞ്ഞ ദിവസം ഓര്‍മിച്ചതുപോലെ, രാജ്യത്തിന്റെ ഒരു പൗരന്റെ കാര്യത്തില്‍ ഒരുവിധ വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ വഴങ്ങരുത്. യാദവിന് അപ്പീലിന് പോകാന്‍ രണ്ടു മാസത്തേക്ക് സമയമുണ്ടെന്നാണ് പാക് കോടതി പറയുന്നത്. അതേസമയം ഇന്ത്യക്ക് വിചാരണ സമയത്ത് ഒരുതരത്തിലും യാദവുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണ് വിദേശകാര്യ വക്താക്കള്‍ പറയുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റാണ് നാല്‍പത്തി നാലുകാരനായ യാദവെന്നാണ് പാക് സൈന്യം കുറ്റപ്പെടുത്തുന്നത്. അദ്ദേഹം ആ രാജ്യത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ ഹാജരാക്കാന്‍ പാക്കിസ്താന് കഴിയുന്നില്ലെന്നത് ഖേദകരമാണ്.
2016 മാര്‍ച്ച് മൂന്നിന് പാക്കിസ്താനിലെ ബലൂചിസ്ഥാനില്‍വെച്ചാണ് മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ ഹുസൈന്‍ മാലിക് പട്ടേല്‍ എന്ന കുല്‍ഭൂഷന്‍ സുധീര്‍യാദവ് പിടിക്കപ്പെട്ടതെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്. ബലൂചിസ്താനില്‍ പാക് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസന നടപടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചാരന്‍ അതിന് സഹായകമായ നീക്കങ്ങള്‍ നടത്തിയെന്നതാണ് സൈന്യം പറയുന്നത്. ഇതുസബന്ധിച്ച് ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്താന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി കഴിഞ്ഞ മാസം പാക്കിസ്താന്‍ സന്ദര്‍ശിച്ച വേളയിലും പാക് മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫ് ഇന്ത്യക്കെതിരെ സമാനമായ ആരോപണമുന്നയിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ഇതുവരെയും മുഖവിലക്കെടുക്കാത്ത രീതിയിലാണ് പാക് ഭരണാധികാരികള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നുവേണം കരുതാന്‍. പാക് ഹൈക്കമ്മീഷനറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും വധശിക്ഷ നടപ്പാക്കുന്നതിനെ മുന്‍കൂട്ടിത്തയ്യാറാക്കിയ കൊലപാതകമായി വിശേഷിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയും പാക്കിസ്താനും തമ്മില്‍ പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനം കൊണ്ട് മെച്ചപ്പെട്ട ബന്ധം ഉരുത്തിരിയുന്നുവെന്ന് തോന്നലുളവായ ഘട്ടത്തിലായിരുന്നു അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍. കശ്മീര്‍ അതിര്‍ത്തിയുലെ രണ്ടും പഞ്ചാബിലെ ഒന്നുമായി നൂറോളം സൈനികരെ വകവരുത്തിയ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റവും അതിനുള്ള ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള തിരിച്ചടിയും പഴയ അവസ്ഥയിലേക്കുതന്നെ കാര്യങ്ങളെത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നവാസ്ശരീഫിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനു പോയ ഘട്ടത്തില്‍ തന്നെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനെ ചിലര്‍ അംഗീകരിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിച്ചത്. ഇന്ത്യ-പാക് ബന്ധത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ ഘട്ടങ്ങളിലും ഇതുതന്നെയാണ് നമ്മുടെ അനുഭവം. 1965ലെയും 71ലെയും യുദ്ധങ്ങളിലും അതിനുശേഷവും ഇതുതന്നെയാണ് നാം കാണുന്നത്. സൈന്യത്തിന് നിയന്ത്രണമുള്ളൊരു സര്‍ക്കാരാണ് പാക്കിസ്താനിലെന്നതാണ് ബന്ധങ്ങള്‍ വഷളാവുന്നതിന് മുഖ്യ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ആയുധങ്ങള്‍ കുന്നുകൂട്ടി ഇരുവശത്തും ആള്‍നാശവും ഭീതിയും എന്നതായിരിക്കുന്നു അവസ്ഥ. പകുതിയിലധികം പട്ടിണിപ്പാവങ്ങളുള്ള ഈ ഉപഭൂഖണ്ഡത്തില്‍ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെടേണ്ട പണമാണ് ഇവ്വിധം വൃഥാ ചെലവഴിക്കുന്നത്. കശ്മീര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ പരമാവധി മുതലെടുപ്പിന് പാക്കിസ്താന്‍ ശ്രമിക്കുമ്പോള്‍ അഖണ്ഡ ഇന്ത്യക്കായി ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നുതന്നെയാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഫലമോ കശ്മീരില്‍ നിരന്തരം അക്രമങ്ങളും കൊലയും നടമാടുന്നു. സമാധാന ആശയത്തിന്റെയും സൗന്ദര്യത്തിന്റെയും താഴ്‌വര നീറിനീറി മരിച്ചുകൊണ്ടിരിക്കുന്നു. ഹതാശരായ ജനത ഇരുവശത്തും സമാധാനത്തിന് കൊതിക്കുമ്പോള്‍ തല്‍പര കക്ഷികള്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മുംബൈ താജ് ഹോട്ടല്‍ ആക്രമണത്തിലെ സൂത്രധാരനും ലഷ്‌കര്‍ തലവനുമായ ഹാഫിസ് സഈദിനെ വിട്ടുകിട്ടണമെന്ന ആവശ്യം നിരന്തരം ഇന്ത്യ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു പ്രകോപനം അയല്‍ രാജ്യത്തുനിന്നുണ്ടാകുന്നത്. അന്നത്തെ പ്രതി അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയതിലുള്ള പക ഇപ്പോഴും ഒരുപക്ഷേ ആ രാജ്യത്തിലെ സൈന്യത്തിന്റെ മനസ്സിലുണ്ടാകും. അതിനുള്ള തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് കിട്ടിയ ഇരയായിരിക്കാം കുല്‍ഭൂഷന്‍. അതേതായാലും ഇന്ത്യയെയും പാക്കിസ്താനെയും സംബന്ധിച്ച് ഒരു സാഹസത്തിന് ഇത് ഇടയായിക്കൂടാ എന്നാണ് സമാധാന കാംക്ഷികളായ ജനത ആശിക്കുന്നത്. അതിനുള്ള ഇച്ഛാശക്തിയും ആര്‍ജവവും പാക് സൈന്യത്തിനുണ്ടാകുമെന്ന് പ്രത്യാശിക്കാം.
- 8 years ago
chandrika
Categories:
Video Stories
കുല്‍ഭൂഷന്റെ വധശിക്ഷ പിന്‍വലിക്കണം
Related Post