X

വിശ്വനാഥന്റെ മരണം; എങ്ങുമെത്താതെ അന്വേഷണം

ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂട്ടിരിക്കാന്‍ പോയ കല്‍പ്പറ്റ അഡലൈഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് മരണത്തിലേക്ക് തള്ളിയിട്ട് രണ്ട് മാസമായിട്ടും എവിടെയുമെത്താതെ അന്വേഷണം ഇഴയുന്നു. മെഡിക്കല്‍ കോളജ് പൊലീസ് എ.സി.പി സുദര്‍ശന്റെ നേതൃത്വത്തില്‍ ഒരു മാസം അന്വേഷിച്ചിട്ടും തുമ്പൊന്നും ലഭിക്കാത്തതിനാല്‍ കേസ് െ്രെകംബ്രാഞ്ചിന് കൈമാറി കൈകഴുകുകയാണ് പൊലീസ്. നിരവധി സാക്ഷികളും സി.സി.ടി.വി ദൃശ്യങ്ങളുമുണ്ടായിട്ടും കേസില്‍ ഒരു തുമ്പുപോലും ലഭിക്കാത്തതിന് പിന്നില്‍ ആരെയൊക്കെയോ രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമമാണ് തെളിയുന്നതെന്ന് കുടുംബം പരാതിപ്പെടുന്നു.

ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നതിന്റെ പിറ്റേന്നാണ് വിശ്വനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. മരണം കൊലപാതകമാണെന്ന് അന്ന് മുതല്‍ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും അന്വേഷണം ആ രീതിയില്‍ മുന്നോട്ട് പോയില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും മരണസമയത്ത് വിശ്വനാഥന്റെ ദേഹത്തുണ്ടായിരുന്ന ഷര്‍ട്ട് കുടുംബത്തെ കാണിക്കുകയോ, മൊബൈല്‍ ഫോണ്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കയ്യില്‍ കിട്ടിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയോ ചെയ്യാത്തത് ദുരൂഹമായി തുടരുന്നു. ഒരുമാസം പോലീസ് അന്വേഷിച്ചിട്ടും പ്രതികളെ കിട്ടാത്ത കേസ് ഒടുവില്‍ മുഖ്യമന്ത്രി വയനാട്ടിലെത്തുന്നതിന്റെ തലേന്ന് െ്രെകംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

വിഷയത്തില്‍ ഗുരുതരമായ നിസംഗതയാണ് സംസ്ഥാന സര്‍ക്കാരും പുലര്‍ത്തിയത്. 24 മണിക്കൂറിനകം കുടുംബത്തിന് 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും 24 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കുടുംബത്തിന് തുക നല്‍കിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് ആദിവാസി വിഭാഗത്തിന് നല്‍കേണ്ട തുകയും അകാരണമായി വൈകിപ്പിച്ചു.
ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന ഭര്‍ത്താവിന് നീതി വേണമെന്ന ഭാര്യ ബിന്ദുവിന്റെ നിരന്തര ആവശ്യം കേട്ടഭാവം നടിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കുന്നതിലൂടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ബാധ്യത ഒഴിവാക്കാനാണ് ശ്രമമെന്ന ആരോപണവും ശക്തമായിക്കഴിഞ്ഞു.

മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് ജസ്റ്റിസ് ഫോര്‍ വിശ്വനാഥന്‍ എന്ന പേരില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി. അന്വേഷണം വൈകുന്നതിലൂടെ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടേക്കാമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പി.ജി ഹരി ചന്ദ്രികയോട് പറഞ്ഞു.

 

webdesk11: