X

വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരതെന്നും പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും ഇത് കോടതി തള്ളി.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സിദ്ധാര്‍ഥന്റെ മാതാവും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ നേരത്തെ, സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  പ്രതികള്‍ കേസിനെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നും വിദ്യാര്‍ഥികളായ ഇവര്‍ രണ്ട് മാസത്തിലധികമായി ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്.

webdesk14: