ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം. വീട്ടില്‍ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം കുഞ്ഞ് തന്റെ കൂടെയാണ് കിടന്നിരുന്നതെന്നും പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അച്ഛന്റെ കൂടെ കിടത്തി താന്‍ എഴുന്നേറ്റുപോയെന്നും അമ്മ പറയുന്നു. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മ മൊഴി നല്‍കി. എന്നാല്‍ കുട്ടി കിടന്നതെന്ന് തന്റെ കൂടെയല്ലെന്നും അമ്മാവന്റെ കൂടെയാണെന്നുമാണ് അച്ഛന്റെ മൊഴി.
അതേസമയം അമ്മാവന്‍ ഇത് നിഷേധിക്കുകയും ചെയ്തു. കുഞ്ഞ് അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടന്നതെന്നും കട്ടില്‍ കത്തിയപ്പോഴാണ് എഴുന്നേറ്റതെന്നും അമ്മാവന്‍ പറഞ്ഞു. എന്നാല്‍ കട്ടില്‍ കത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും ഇയാള്‍ പറയുന്നു.
അമ്മയും അച്ഛനും സഹോദരിയും കുഞ്ഞും ഒരുമിച്ചാണ് കിടന്നതെന്ന് മുത്തശ്ശിയും മൊഴി നല്‍കി. എന്നാല്‍ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുള്ളതായാണ് വിവരം.
കുഞ്ഞിന്റെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാല്‍ അച്ഛന്‍ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു.
നിലവില്‍ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.