X

ആദിവാസി യുവാവിന്റെ മരണം: മര്‍ദനത്തിന് തെളിവില്ലെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നതിന് പ്രാഥമിക തെളിവുകള്‍ ഇല്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുവാവ് ആശുപത്രിക്ക് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചതില്‍ യുവാവ് മാനസിക പ്രയാസത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിന് മേല്‍ മോഷണ കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാര്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ട വിശ്വനാഥന്റെ സംസ്‌കാരം ഇന്ന് കല്‍പ്പറ്റ പറവയല്‍ കോളനിയിലെ വീട്ടുവളപ്പില്‍ നടക്കും.

ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തതായും ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പ്രതികരിച്ചിരുന്നു.

webdesk13: