പാലോട് നവവധു ഇന്ദുജ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഭര്‍ത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവാണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കി കേസ് എടുത്തു. സുഹൃത്ത് അജാസ് മര്‍ദിച്ചുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ശംഖുമുഖത്തു വെച്ച് സപഹൃത്ത് ഇന്ദുജയെ മര്‍ദിച്ചെന്നാണ് മൊഴി.
മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമാണ് ആയത്. ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മര്‍ദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞദിവസം അജാസിനെയും അഭിജിത്തിനെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ച കാര്യം അഭിജിത്ത് പോലീസിനോട് വെളിപ്പെടുത്തിയത്.
അജാസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്ദുജയുമായി അടുത്ത ബന്ധമുള്ളതായും കണ്ടെത്തി. ആത്മഹത്യയ്ക്ക് മുമ്പ് ഇന്ദുജ അവസാനമായി വിളിച്ചത് അജാസിനെ ആയിരുന്നു.
നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിജിത്തിനെതിരെ ഭര്‍തൃ പീഡനം, മര്‍ദ്ദനം ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തും. അജാസിനെതിരെ ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തും.